Kerala

ആലപ്പുഴയില്‍ സിപിഎം പൊട്ടിത്തെറി രൂക്ഷമാകുന്നു

ആലപ്പുഴയില്‍ സിപിഎം പൊട്ടിത്തെറി രൂക്ഷമാകുന്നു. മുൻ മന്ത്രി ജി.സുധാകരനെതിരെ സിപിഎം നേതാവും അമ്പലപ്പുഴ എംഎൽഎയുമായ എച്ച്.സലാമാണ് രംഗത്ത് വന്നത്. പൊളിറ്റിക്കൽ ക്രിമിനലുകളുടെ കയ്യിലാണ് ആലപ്പുഴയിലെ മാധ്യമങ്ങളെന്ന് ജി.സുധാകരൻ പറഞ്ഞതിന് മറുപടിയാണ് സലാം നല്‍കിയത്. “ഒരു പാർട്ടിയിൽ നിൽക്കുകയും ആ പാർട്ടിക്ക് ദോഷമുണ്ടാക്കി വർത്തമാനം പറയുന്നതും പൊളിറ്റിക്കൽ ക്രിമിനലിസമാണ്. ഗൗരിയമ്മ പാർട്ടിവിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് എല്ലാവർക്കും അറിയാം. ആ കാരണത്തിന്റെ അടിസ്ഥാനം തേടി പോയാൽ പലതും പറയേണ്ടിവരും.” – സുധാകരനെ ഉന്നംവെച്ച് സലാം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വി ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതൃയോഗങ്ങള്‍ നടക്കുമ്പോഴാണ് ഇതെല്ലാം അവഗണിച്ച് നേതാക്കള്‍ തമ്മിലടിക്കുന്നത്.

“ആലപ്പുഴ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് ​ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴാണ്. അതിനെ ആലപ്പുഴയിലെ പാർട്ടി അതിജീവിച്ചു. ​പഴയത് ആളുകൾ മറന്നിട്ടുണ്ടാകും എന്നുവിചാരിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പാർട്ടിക്ക് നല്ല സംഭാവന നൽകിയ ആളാണ് ജി.സുധാകരൻ. പക്ഷെ എന്തുകൊണ്ടോ കഴിഞ്ഞ കുറച്ച് കാലമായി പാർട്ടി മെമ്പർഷിപ്പുള്ള ഒരാൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പരസ്യമായി പറയുന്നു. എന്തുകൊണ്ട് അദ്ദേഹം ഇത്തരത്തിൽ പറയുന്നു എന്നത് ഒരു ചോദ്യമാണ്. സുധാകരനെ പരി​ഗണിച്ചപോലെ ​ഗൗരിയമ്മയെ പോലും പാർട്ടി പരി​ഗണിച്ചിട്ടില്ല. ഏഴ് തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു. കൂടാതെ മറ്റു പാർട്ടി ചുമതലകളും വഹിച്ചു.” – സലാം ചൂണ്ടിക്കാട്ടി.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് സുധാകരൻ രം​ഗത്തെത്തിയിരുന്നു. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സുധാകരന് സീറ്റ് ലഭിച്ചിരുന്നില്ല. പ്രായപരിധി മാനദണ്ഡം പ്രകാരം സംസ്ഥാനസമിതിയിൽനിന്നും പുറത്തുമാണ്. ഇതിനുശേഷമാണ് സുധാകരന്‍ ആഞ്ഞടിക്കല്‍ തുടങ്ങിയത്. പാര്‍ട്ടിക്കെതിരെ പല തവണ അദ്ദേഹം രംഗത്തെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top