ആലപ്പുഴ: പ്രസവം നിര്‍ത്തല്‍ ശാസ്ത്രക്രിയയെ തുടർന്ന് മരിച്ച ആലപ്പുഴ പഴയവീട് സ്വദേശി ആശാ ശരത്തിന് കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. തികച്ചും അപ്രതീക്ഷിതമായ ആശയുടെ വിയോഗം ഇനിയും വിശ്വസിക്കാനാകാതെ അവസ്ഥയിലാണ് നാട്ടുകാർ. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്ക് കാണാനും അന്ത്യോപചാരം അർപ്പിക്കുവാനും നിരവധി പേരാണ് എത്തിച്ചേർന്നത്.
വൈകീട്ട് 3.15-ന് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വീട്ടുവളപ്പിലെത്തിയവർക്ക് അച്ഛൻ ശരത്തിന്റെ കൈയിലിരുന്ന് നിർത്താതെകരയുന്ന മകൻ ആദം വിങ്ങുന്ന ഓർമയായി. യു.എസിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ശരത്ചന്ദ്രൻ തിങ്കളാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. ആദവിനെ കൂടാതെ അവന്തിക എന്നുപേരുള്ള മകളും ഇരുവർക്കുമുണ്ട്.