Kerala
കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍
കരമന അഖില്‍ വധക്കേസില്‍ മുഖ്യ പ്രതികളിലൊരായ സുമേഷ് പിടിയില്‍. ഇതോടെ കേസില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികളും പിടിയിലായി. കേസിലെ പ്രധാന പ്രതികളായ അഖില്‍ എന്ന അപ്പുവും വിനീത് രാജും നേരത്തെ പിടിയിലായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരുംപിടിയിലായിരുന്നു.
മുഖ്യപ്രതി അഖിലിനെ ഇന്ന് പുലര്‍ച്ചയോടെ തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്.
കരുമം ഇടഗ്രാമം മരുതൂര്‍കടവ് പ്ലാവിള വീട്ടില്‍ കുമാറിന്റെയും സുനിതയുടെയും മകന്‍ അഖില്‍ (26) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അഖിലിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ചശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തുവെന്നാണു വിവരം. വീടിനോടുചേര്‍ന്ന് പെറ്റ്ഷോപ് നടത്തുകയായിരുന്നു അഖില്‍. ഇവിടെനിന്നാണ് സംഘം പിടിച്ചുകൊണ്ടു പോയത്.