മധുര: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതിയാക്കി എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി സിപിഐഎം നേതാക്കളായ എം എ ബേബിയും എ കെ ബാലനും. സര്‍ക്കാരിനേയും പാര്‍ട്ടിയേയും ലക്ഷ്യംവെച്ചുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

നല്ല സമയം നോക്കി ആക്രമിക്കുന്നത് ബിജെപിയുടെ രീതിയാണെന്നും എം എ ബേബി പറഞ്ഞു. അതാണ് പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. പാര്‍ട്ടിക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ലെന്നും എം എ ബേബി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത് നവ ഫാസിസ്റ്റ് പ്രവണതയാണ്. പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുകയാണ്. രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ അപക്വമായ നിലവാരത്തിലേക്ക് തരംതാഴാനില്ലെന്നും എം എ ബേബി പറഞ്ഞു.
വീണാ വിജയനെതിരായ നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് എ കെ ബാലനും പറഞ്ഞു. കേസ് മറ്റൊരു ലാവ്‌ലിന്‍ ആക്കാനുള്ള നീക്കം നടക്കില്ല. കേസ് ഉള്ളി പൊളിച്ചതു പോലെയാകും. ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. കേസില്‍ പെടാന്‍ പോകുന്നത് പിണറായി വിജയനോ വീണയോ ആയിരിക്കില്ലെന്നും മറ്റ് ചിലരായിരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു

