ന്യൂഡല്‍ഹി: ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ നെറ്റ്വര്‍ക്കിന് തകരാര്‍. ഫോണ്‍ വിളിക്കാന്‍ കഴിയാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാതെയും ആയിരക്കണക്കിന് ഉപയോക്താക്കള്‍ ബുദ്ധിമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഉപയോക്താക്കളുടെ കമന്റുകള്‍ നിറയുകയാണ്.
ഇന്ന് രാവിലെ 10.30 ഓടേയാണ് നെറ്റ്വര്‍ക്ക് തടസ്സപ്പെട്ടതിനെക്കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചത്. നിരവധി എയര്‍ടെല്‍ ഉപയോക്താക്കള്‍ എക്സില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എയര്‍ടെല്‍ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഫോണില്‍ കുറച്ചുനേരത്തേയ്ക്ക് ‘നോ നെറ്റ്വര്‍ക്ക്’ എന്നാണ് കാണിച്ചതെന്ന് ഉപയോക്താക്കളുടെ കമന്റുകളില്‍ പറയുന്നു.
മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഭാഗത്ത് നിന്നാണ് പരാതികള്‍ ഏറെയും. എയര്‍ടെല്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതായാണ് ചിലരുടെ പ്രതികരണം. മറ്റു ചിലര്‍ സിഗ്‌നല്‍ അഭാവവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ ഒന്നിലധികം നഗരങ്ങളില്‍ സമാനമായ തകരാര്‍ കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.