കോട്ടയം: എഐ ക്യാമറകളുടെ പരിപാലനത്തിനായി കെൽട്രോണിന് നൽകാനുള്ള കുടിശിക നൽകാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും കമ്പനിക്ക് ഇനിയും പണം ലഭിച്ചില്ല. ഇതോടെ നിയമലംഘനങ്ങൾക്കുള്ള നോട്ടീസയക്കുന്നത് പുനരാരംഭിക്കാൻ കെൽട്രോണും തയ്യാറായിട്ടില്ല. സർക്കാർ കുടിശ്ശിക അനുവദിച്ചതോടെ നിയമലംഘനങ്ങൾ കണ്ടെത്തി നോട്ടിസയക്കാനുള്ള ജീവനക്കാരെ കെൽട്രോൺ തിരികെ വിളിച്ചിട്ടുണ്ട്. ഇവർ നോട്ടീസ് തയ്യാറാക്കുന്നുണ്ടെങ്കിലും തപാൽ വകുപ്പിന് നൽകാനുള്ള കുടിശിക തീർക്കാത്തതിനാൽ നോട്ടീസ് നിയമലംഘകർക്ക് അയക്കാനാകുന്നില്ല.
പണംകിട്ടിയാലേ കെൽട്രോണിന് തപാൽവകുപ്പിനുള്ള കുടിശ്ശിക തീർക്കാൻ കഴിയൂ. നോട്ടീസയക്കുന്നതു മുടങ്ങിയിട്ട് 20 ദിവസമായി. കെ.എസ്.ഇ.ബി.ക്കുള്ള കുടിശ്ശിക തീർക്കാത്തതിനാൽ കൺട്രോൾ റൂമുകൾക്കും പൂട്ടുവീഴുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് കെൽട്രോണിന് ആദ്യഗഡുവായി 9.39 കോടിരൂപ നൽകാൻ ഉത്തരവായത്. മൂന്നുമാസത്തെ കുടിശ്ശികയായി 11 കോടി രൂപയാണു നൽകാനുള്ളത്. ക്യാമറകളിൽ നിയമലംഘനങ്ങൾ ഇപ്പോഴും റെക്കോഡ് ചെയ്യുന്നുണ്ട്. നോട്ടീസ് അയക്കുന്നില്ലെന്നേയുള്ളൂ. ഓരോ ജില്ലയിലുമായി രണ്ടായിരത്തിലധികം നോട്ടീസാണ് അയക്കാനുള്ളത്.
കരാർ കമ്പനിക്ക് പണം കൊടുക്കാനുള്ളതിനാൽ ക്യാമറയിൽ കുടുങ്ങുന്ന നിയമലംഘകർക്ക് നോട്ടീസ് അയയ്ക്കുന്നത് മുടങ്ങിയെന്ന് കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. ഒരുമാസത്തോളമായി കരാർ കമ്പനിയായ കെൽട്രോൺ തപാൽമാർഗം നോട്ടീസ് അയക്കുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. ഇത് ക്യാമറയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളുടെ പിഴ ഏകോപിപ്പിക്കുന്നതുമായ കൺട്രോൾ റൂമുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായും വിവരമുണ്ടായിരുന്നു.
സാധാരണയായി ക്യാമറ നിയമലംഘനം കണ്ടെത്തിയാൽ വാഹനമുടമയ്ക്ക് ഫോണിൽ ഉടൻ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാൽ, ഫോൺനമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാലേ ഇതു സാധ്യമാകൂ. അല്ലാത്തവരുടെഫോണിൽ അറിയിപ്പു ലഭിക്കാറില്ല. അത്തരക്കാർ തപാൽമാർഗം നോട്ടീസ് ലഭിച്ചാലേ നിയമലംഘനത്തെക്കുറിച്ച് അറിയാറുള്ളൂ. എന്നാൽ, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാൽ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളിൽ മാത്രമാണ് നോട്ടീസ് അയച്ചിരുന്നത്.
ആദ്യ ഗഡുവമായി സർക്കാർ കെൽട്രോണിനു നൽകേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്. പ്രതിമാസം ഒരുകോടി രൂപയോളം സ്വന്തംനിലയ്ക്കു ചെലവഴിച്ചാണ് പദ്ധതി കെൽട്രോൺ നടത്തുന്നതെന്നായിരുന്നു വിലയിരുത്തൽ. ജീവനക്കാർക്കുള്ള ശമ്പളത്തിനും കൺട്രോൾ റൂം പ്രവർത്തനത്തിനും മറ്റുമാണ് പണംവേണ്ടത്. എ.ഐ. ക്യാമറ പ്രവർത്തനമാരംഭിച്ച് ആറുമാസം പിന്നിടുമ്പോഴാണ് ഈ പ്രതിസന്ധി. നിയമലംഘനങ്ങളിൽനിന്ന് 33 കോടി രൂപ സർക്കാരിന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്.