Kerala
എഐ ക്യാമറകളുടെ പ്രവർത്തനം അവതാളത്തിൽ; കരാർ കമ്പനിക്ക് നൽകാനുള്ളത് കോടികൾ
കോട്ടയം: സംസ്ഥാനത്ത് ഏറെ കൊട്ടിഘോഷിച്ച് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ എഐ ക്യാമറകളുടെ പ്രവർത്തനം അവതാളത്തിൽ. എഐ ക്യാമറകളുടെ നടത്തിപ്പ് കരാറെടുത്തിട്ടുള്ള കെൽട്രോണിന് സംസ്ഥാന സർക്കാർ പണം നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച് ആറുമാസം പിന്നിടുമ്പോഴും ആദ്യ ഗഡുവമായി കെൽട്രോണിനു നൽകേണ്ടിയിരുന്ന 11.79 കോടി രൂപ സംസ്ഥാന സർക്കാർ ഇതുവരെയും നൽകിയിട്ടില്ല. പണം നൽകാത്തതിനെ തുടർന്ന് നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും ഒരുമാസമായി കരാർ കമ്പനിയായ കെൽട്രോൺ തപാൽമാർഗം നോട്ടീസ് അയക്കുന്നില്ല.
ക്യാമറയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളുടെ പിഴ ഏകോപിപ്പിക്കുന്നതുമായ കൺട്രോൾ റൂമുകൾക്കും പൂട്ടുവീഴുകയാണ്. ലക്ഷങ്ങൾ വൈദ്യുതി കുടിശ്ശികയായതോടെയാണിത്. കെ.എസ്.ഇ.ബി. ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാൻ കഴിഞ്ഞിട്ടില്ല.
കരാർപ്രകാരം വൈദ്യുതി കുടിശ്ശികയുൾപ്പെടെ നൽകേണ്ടത് കമ്പനിയാണ്. എന്നാൽ, സർക്കാർ പണം കൊടുക്കാത്തതിനാൽ കമ്പനിക്ക് അതിനു കഴിയുന്നുമില്ല. പണം കിട്ടാത്തതിനാൽ കെ.എസ്.ഇ.ബി കൺട്രോൾ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്. അതോടെ കേരളത്തിലെ എ.ഐ ക്യാമറകളുടെ പ്രവർത്തനം പൂർണമായും നിലയ്ക്കും.