Kerala

എഡിഎം നവീന്‍ ബാബുവിന് വീഴ്ചയില്ല; ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

Posted on

കണ്ണൂര്‍: പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിനുള്ള എന്‍ഒസി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായില്ലെന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ട് കളക്ടര്‍ നാളെ സര്‍ക്കാരിന് കൈമാറും.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതില്‍ നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ യാത്രയയപ്പ് സമ്മേളനത്തെക്കുറിച്ചായിരുന്നു കളക്ടര്‍ പ്രതിപാദിച്ചിരുന്നത്. ഇതിന് ശേഷം തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടിലാണ് സംരംഭകന്‍ പ്രശാന്തന് പെട്രോള്‍ പമ്പിനുള്ള എന്‍ഒസി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതില്‍ കളക്ടറുടെ റിപ്പോര്‍ട്ട് നിര്‍ണായകമാണ്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളും കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവരും നല്‍കിയ മൊഴിയുടെയും ദൃശ്യമാധ്യമങ്ങളില്‍ വന്ന വീഡിയോയുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണ സംഘം ഇന്ന് പി പി ദിവ്യയുടേയും കളക്ടറുടേയും മൊഴി രേഖപ്പെടുത്തും. കേസില്‍ നേരത്തേ പത്ത് പേരുടെ മൊഴിയായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം, കൈക്കൂലി പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതിനിടെ പി പി ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version