കൊച്ചി: നീതിപീഠത്തിൽ ഇരിക്കുന്ന ചിലർക്കെങ്കിലും തെറ്റുപറ്റിയാൽ അവരെ സംരക്ഷിക്കണമെന്ന് ഏതെങ്കിലും തരത്തിലുള്ള ‘ക്ലോസു’കൾ നീതി സംഹിത അനുശാസിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ സഹോദരൻ.
ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ് കാലങ്ങളായി നീതി നിഷേധം നടക്കുന്നത്. നീതി ലഭിക്കാനായി തങ്ങൾ ഏതറ്റം വരെയും പോകാൻ തയ്യാറാണ്. ഇനിയൊരു പെൺകുട്ടിക്കും ഇതുപോലെ ഒരവസ്ഥ ഉണ്ടാകരുതെന്നും അതിജീവിതയുടെ സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജി നൽകിയിരുന്നു. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു.