Kerala
ബൈജു ചട്ടങ്ങള്‍ ലംഘിച്ചു; ഓടിച്ച കാര്‍ ഹരിയാനയിലേത്, എന്‍ഒസി ഇല്ല, റോഡ് നികുതി അടച്ചിട്ടില്ല
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച വാഹനാപകടത്തില്‍ നടന്‍ ബൈജുവിന്റെ കാര്‍ ഓടുന്നത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. പരിവാഹന്‍ വെബ്‌സൈറ്റ് അനുസരിച്ച് കാറിന്റെ ആര്‍സി രേഖയില്‍ കാണിച്ചിരിക്കുന്ന ബൈജുവിന്റെ വിലാസം ഹരിയാനയിലേതാണ്. ഗുരുഗ്രാമിലെ സെക്ടര്‍ 49ലെ താമസക്കാരനാണ് എന്നാണ് വിലാസത്തില്‍ പറയുന്നത്. ഹരിയാനയിലെ കാര്‍ കേരളത്തില്‍ ഓടിക്കാന്‍ ഹരിയാന വാഹനവകുപ്പിന്റെ എന്‍ഒസി വേണം. വാഹനം എത്തിച്ച് 30 ദിവസത്തില്‍ ഹാജരാകേണ്ട എന്‍ഒസി ഇതുവരെ നല്‍കിയിട്ടില്ലെന്നും കേരളത്തില്‍ എത്തിച്ചാല്‍ അടയ്‌ക്കേണ്ട റോഡ് നികുതി അടച്ചിട്ടില്ലെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസം അര്‍ധരാത്രി തിരുവനന്തപുരം വെളളയമ്പലത്താണ് ബൈജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രക്തപരിശോധനയ്ക്ക് ബൈജു വിസമ്മതിച്ചെങ്കിലും മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി . ഒപ്പമുണ്ടായിരുന്ന യുവതി മകളെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും ഇക്കാര്യം നിഷേധിച്ച മകള്‍ ബന്ധുവാണ് കൂടെയുണ്ടായിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
കഴിഞ്ഞദിവസം രാത്രി പതിനൊന്നേമുക്കാലിന് വെളളയമ്പലം ജംങ്ഷനിലാണ് അപകടം. കവടിയാര്‍ ഭാഗത്ത് നിന്ന് മദ്യപിച്ച് അമിത വേഗതയിലെത്തിയ ബൈജുവിന്റെ കാര്‍ ആല്‍ത്തറ ഭാഗത്തുളള വീടിന്റെ വശത്തേയ്ക്ക് തിരിയുന്നിടത്താണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത്. ഇവിടെ റോഡ് പണിക്കായി റോഡ് അടച്ചത് ശ്രദ്ധിക്കാതെ കാര്‍ തിരിക്കുകയും പിന്നീട് വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു പുല്ലിലേയ്ക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരന് കാര്യമായ പരിക്കേറ്റില്ല. സ്‌കൂട്ടറിന്റെ ഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടപ്പുണ്ട്.
സമീപത്തെ സിഗന്ല്‍ പോസ്റ്റിലും ഇടിച്ചാണ് വാഹനം നിന്നത്. ബൈജുവിനെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തപരിശോധനയ്ക്ക് തയാറായില്ല. മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടെന്ന് ഡോക്ടര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ കുറിച്ചു. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്ത പൊലീസ് ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.