Kerala
കേരളത്തിൽ റോഡപകടങ്ങളിൽ വർധന; ഏറ്റവും കൂടുതൽ അപകടങ്ങൾ ജനുവരിയിലും ഡിസംബറിലും
കൊച്ചി: കേരളത്തിൽ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനവെന്ന് വ്യക്തമാക്കി സംസ്ഥാന ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കുകൾ.
സംസ്ഥാനത്ത് 2023 ജൂണിനും 2024 മെയ് മാസത്തിനും ഇടയിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ ആറര ശതമാനം വർധനവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ, ജനുവരി മാസങ്ങൾ റോഡ് അപകടങ്ങളുടെയും റോഡ് അപകടങ്ങളിൽ ജീവൻ പൊലിയുന്നതിൻ്റെയും എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മാസങ്ങളാകുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അപകടങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് വൈകുന്നേരം ആറിനും രാത്രി ഒമ്പതിനും ഇടയിലെന്ന വിവരമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2023 ജനുവരി മുതൽ 2024 ഒക്ടോബർ വരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ റോഡപകടങ്ങളിൽ പൊലിഞ്ഞത് 7,300ൽ അധികം ജീവനുകളെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 99,977 പേർക്കാണ് ഇക്കാലയളവിൽ അപകടങ്ങളിൽ പരിക്കേറ്റത്. ഈ കാലയളവിൽ സംസ്ഥാനത്ത് ആകെയുണ്ടായത് 88,912 അപകടങ്ങളാണ്.