കൊച്ചി: കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പ്പാണ്ടിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. അപകടത്തില്‍ പരിക്കേറ്റ പാല്‍പ്പാണ്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് ആണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബൈക്ക് യാത്രികനായ ഇടുക്കില്‍ വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ മരണപ്പെട്ടു. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. കൊച്ചിയിലെ വസ്ത്രാലത്തില്‍ ജീവബക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യന്‍.
ബസ് സിഗ്‌നലില്‍ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് സൂചന. ബസില്‍ സഞ്ചരിച്ച 11 പേരെ തൊട്ടടുത്തുള്ള ലേക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറു പേര്‍ സ്ത്രീകളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ക്രെയിനുപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്.