എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ട കട്ടപ്പന കീരിത്തോട് സ്വദേശിനി തേക്കുന്നത്ത് അനിൻഡ ബെന്നി (14)യുടെ മരണം നാട്ടുകാർക്ക് തീരാവേദനയാകുന്നു. ബസിനടിയിൽ കുടുങ്ങിയ അനീറ്റയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അനിൻഡയുടെ അച്ഛൻ ബെന്നി (മത്തായി) കരൾരോഗ ബാധിതനായി നാലുവർഷം മുമ്പാണ് മരിച്ചത്. ബെന്നിയുടെ മരണത്തെ തുടർന്ന് അമ്മ മിനി തൊഴിലുറപ്പ് ജോലി ചെയ്താണ് കുടുംബം പുലർത്തിയത്. അച്ഛന്റെ വേർപാടിന്റെ നോവാറും മുമ്പേ ഇളയമകൾ അനിൻഡയുടെ അപകട മരണം കൂടിയായപ്പോൾ ദു:ഖം താങ്ങാനാനാവാതെ അലമുറയിടുന്ന അമ്മ മിനിയുടേയും അനിൻഡയുടെ ജ്യേഷ്ഠത്തി അമാൻഡയുടേയും മുഖങ്ങൾ നാട്ടുകാരുടെ മനസ്സിൽ നൊമ്പരമായി.
ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ അമാൻഡ ശസ്ത്രക്രിയയെ തുടർന്ന് കോലഞ്ചേരിയിലെ ബന്ധുവീട്ടിൽ വിശ്രമത്തിലാണ്. അമാൻഡയുടെ അടുത്തേക്ക് രാവിലെ കീരിത്തോട്ടിൽനിന്ന് പുറപ്പെട്ടതാണ് മിനിയും അനിൻഡയും.
മണിയമ്പായിൽ അപകടത്തിൽപ്പെട്ട ബസിന്റെ അടിയിൽപ്പെട്ട് ചതഞ്ഞ മകളുടെ മൃതശരീരം അവസാനമായി കണ്ട മിനി മോഹാലസ്യപ്പെട്ടു വീണു. കഞ്ഞിക്കുഴി നങ്കി സിറ്റി എസ്എൻ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിയായ അനിൻഡയുടെ വേർപാട് സഹപാഠികൾക്കും അധ്യാപകർക്കും തീരാ വേദനയായി. സംസ്കാരം ബുധനാഴ്ച മൂന്നിന്ന് ചേലച്ചുവട് കത്തിപ്പാറത്തടം സെയ്ൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ബസിന്റെ ഏറ്റവും മുൻ സിറ്റിലായിരുന്നു അനീറ്റ ഇരുന്നിരുന്നത്. ബസ് താഴ്ചയിലേക്ക് മറിഞ്ഞതോടെ ചില്ല് തകർന്ന് അനീറ്റ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിപ്പോയ പെൺകുട്ടിയെ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയശേഷമാണ് പുറത്തെടുത്തത്

