Kerala
ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി; മറ്റൊരു വാഹനം കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം
കണ്ണൂർ ഇരിട്ടി റോഡിൽ വയോധികനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. മറ്റൊരു വാഹനം കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ ആള്‍ മരണത്തിന് കീഴടങ്ങി. ഇടുക്കി സ്വദേശി രാജനാണ് ആണ് ദാരുണാന്ത്യമുണ്ടായത്. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കീഴൂർക്കുന്നിൽ കരിമ്പുജ്യൂസ് കടയിൽ ജോലിക്കാരനാണ്. സിസിടിവി ദൃശ്യങ്ങള്‍ നോക്കി പോലീസ് ഇടിച്ചിട്ട വാഹനങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
ഫുട്‌പാത്തിലൂടെ നടക്കുകയായിരുന്ന രാജന്‍ കാൽതെറ്റി റോഡിലേക്ക് വീണപ്പോള്‍ പിന്നാലെ എത്തിയ വാഹനം ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. പിറകെ എത്തിയ മറ്റൊരു വാഹനവും ദേഹത്തു കയറി. ഈ സമയം ഇതുവഴി ഇരുചക്ര വാഹനം ഉൾപ്പെടെ പോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
പിന്നീടു വന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടിച്ചിട്ട ഒരു വാഹനത്തെ പറ്റി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണു വിവരം.