കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറി.
ബസിന്റെ ബ്രേക്ക് പോയി നിയന്ത്രണം വിട്ട് മറിഞ്ഞുവെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ബ്രേക്കിന് തകരാർ ഇല്ലെന്ന് കണ്ടെത്തി. ബസ്സിന് മറ്റേതെങ്കിലും യന്ത്രത്തകരാർ ഉള്ളതായും കണ്ടെത്താനായില്ല.
ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. അതേസമയം അപകടത്തിൽ മരിച്ച വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും.