Kerala
വിവാഹ സന്തോഷത്തിനിടയില്‍ പൊലിഞ്ഞ മൂന്ന് ജീവനുകള്‍; സങ്കടക്കയത്തിലാഴ്ന്ന് കാഞ്ഞങ്ങാട്ടെ കല്യാണ വീട്
കാഞ്ഞങ്ങാട്: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുമ്പോള്‍ കാസര്‍കോട് കാഞ്ഞങ്ങാട് ഒരു ദുരന്തക്കയത്തിലാണ്. ഓണത്തിന്റെയും വിവാഹത്തിന്റെയും സന്തോഷങ്ങള്‍ക്കിടയില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞ ആഘാതത്തിലാണ് നാടും നാട്ടുകാരും. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊയമ്പത്തൂര്‍ – ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് ആലീസ് തോമസ് (63), ചിന്നമ്മ (68), എയ്ഞ്ചല്‍ (30) എന്നിവര്‍ മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.
കോട്ടയം ചിങ്ങവനം സ്വദേശികളായ മൂവരും കള്ളാറിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. വിവാഹാഘോഷം കഴിഞ്ഞ് സന്തോഷത്തോടെ പിരിഞ്ഞ വധുവിന്റെ മുത്തശ്ശി ചിന്നമ്മയെ വരെ കവർന്നെടുത്ത അപകടത്തെ പകച്ച് നോക്കി നില്‍ക്കാന്‍ മാത്രമേ കൂടെയുള്ളവര്‍ക്ക് സാധിച്ചുള്ളു.
ചീറിപ്പാഞ്ഞു വരുന്ന തീവണ്ടി കണ്ട് പോകല്ലേയെന്ന് പലരും വിളിച്ചു പറഞ്ഞു തീരുമ്പോഴേക്കും മൂവരെയും ഇടിച്ച് തീവണ്ടി ചീറിപ്പായുകയായിരുന്നു. തീവണ്ടി കടന്നു പോയതിന് ശേഷം ആദ്യം ഒരാളുടെ മൃതദേഹം മാത്രമേ കണ്ടിരുന്നുള്ളു. റെയില്‍പ്പാതയ്ക്കപ്പുറം മറ്റൊരാളെയും കണ്ടെത്തി. 50 മീറ്ററകലെ നിന്നുമാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്.
അപകട വിവരമറിഞ്ഞ് ഉത്രാടപ്പാച്ചിലിനിടയിലും നിരവധിപ്പേരാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഓടിയെത്തിയത്. ഒടുവിലാണ് കള്ളാറിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ വധുവിന്റെ കുടുംബാംഗങ്ങളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആഘോഷ തിമിര്‍പ്പിലായിരുന്ന കല്യാണ വീട് അക്ഷരാര്‍ത്ഥത്തില്‍ സങ്കടക്കടലായി മാറുകയായിരുന്നു
കള്ളാര്‍ അഞ്ചാലയില്‍ തെങ്ങുംപള്ളില്‍ ജോര്‍ജിന്റെ മകന്‍ ജെസ്റ്റിന്‍ ജോര്‍ജും കോട്ടയം ചിങ്ങവനത്തെ മാര്‍ഷയും തമ്മിലുള്ള വിവാഹം ശനിയാഴ്ചയായിരുന്നു. കള്ളാര്‍ സെയ്ന്റ് തോമസ് ദേവാലയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ഇന്നലെ വൈകുന്നേരത്തോടെ കോട്ടയം ചിങ്ങവനത്തേക്ക് പോകാനായി റെയില്‍വേ സ്‌റ്റേഷന് സമീപമെത്തിയതായിരുന്നു ബന്ധുക്കള്‍.