മലപ്പുറം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി നടത്തിയ യാചകയാത്രയടക്കമുള്ള സംഭവങ്ങള്‍ സിനിമയാക്കുമെന്നു വ്യവസായി ബോബി ചെമ്മണ്ണൂര്‍.
ചിത്രത്തെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യം സംവിധായകന്‍ ബ്ലെസിയുമായി സംസാരിച്ചതായും അദ്ദേഹം ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിനിമയില്‍നിന്നു ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
”സിനിമയിലെ നായകനെ തീരുമാനിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കില്ല. 3 മാസത്തിനുള്ളില്‍ ഷൂട്ടിങ് ആരംഭിക്കും. നിര്‍മാണം ഇപ്പോള്‍ ഒറ്റയ്ക്കാണ് ഏറ്റെടുക്കുന്നത്. മറ്റാരെങ്കിലും സമീപിച്ചാല്‍ അവരുമായി ചേര്‍ന്ന് ചെയ്യുന്നതും പരിഗണനയിലുണ്ട്. അബ്ദുല്‍ റഹീമിന്റെ മോചനദ്രവ്യമായ 34 കോടി രൂപ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സമാഹരിച്ച മലയാളികള്‍ നല്‍കുന്ന ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് ലോകത്തിനു മുന്നിലെത്തിക്കാന്‍ സിനിമയിലൂടെ ആഗ്രഹിക്കുന്നത്” ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
റഹീം മുസ്ലിം ആയതുകൊണ്ടല്ല രക്ഷിച്ചത്. നാളെ ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും ഒന്നിക്കും. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ട്. സത്യസന്ധമായ കാര്യത്തിന് നിന്നുകഴിഞ്ഞാല്‍ ജനങ്ങള്‍ പണം നല്‍കും. അത് മലയാളിയുടെ ഐക്യമാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.