മുഖ്യമന്ത്രി പിണറായിക്കും സർക്കാരിനും വഴി തെറ്റുന്നുണ്ടെങ്കിൽ അതിനെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം എൽഡിഎഫിനുണ്ടെന്ന് സിപിഐ ദേശീയ നേതാവ് ആനിരാജ. മുഖ്യമന്ത്രിയെ തിരുത്തുന്നതിൽ ഇടതു നേതൃത്വം പരാജയപ്പെട്ടുവെന്ന് അവർ കുറ്റപ്പെടുത്തുന്നു. പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിനെക്കുറിച്ച് പറയാതിരിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നാണ് അവരുടെ അഭിപ്രായം.
‘മുഖ്യമന്ത്രി പിണറായി വിജയൻ നാല്പത് വണ്ടികളുടെ അകമ്പടിയോടെ സഞ്ചരിക്കുന്നത് കേരളത്തിലെ എൽഡിഎഫിൻ്റെ നേതൃത്വം കാണുന്നില്ലേ? പാർട്ടി നേതൃത്വം ഇതൊന്നും കാണുന്നില്ലേ’- ആനി രാജ ചോദിക്കുന്നു. മലയാള മനോരമ വാർഷിക പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ആനി രാജ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയിട്ടുള്ളത്.
എൽഡിഎഫിൻ്റെ സർക്കാരല്ലേ ഭരിക്കുന്നത്. അവർ എന്തുകൊണ്ട് മുഖ്യമന്ത്രിയെ തിരുത്താൻ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന് അരഗൻസാണെന്നാണ് മറ്റൊരു ആക്ഷേപം. കമ്യൂണിസ്റ്റുകാർ ഇങ്ങനെയല്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തം കമ്യൂണിസ്റ്റുകാർക്കുണ്ടെന്ന് ആനി തുറന്നടിക്കുന്നു.