Kerala

കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രന് എൻസിപിയുടെ വിമർശനം

Posted on

കൊച്ചി: വയനാട് മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രന് എൻസിപിയുടെ വിമർശനം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ അജീഷ് ഉൾപ്പെടെ 43 പേർ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടിയ എൻസിപി, കാര്യങ്ങൾ ലാഘവത്തോടെ കാണുന്ന വനംമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും കൂട്ടിച്ചേർത്തു. വനം വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ എ.കെ.ശശീന്ദ്രന്റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായതായി അറിയിച്ച സംസ്ഥാന കമ്മിറ്റി കഴിവുകെട്ട മന്ത്രിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്ന പ്രമേയമുൾപ്പെടെ പാസാക്കി. സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു ശശീന്ദ്രനെതിരെ വിമർശനം.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വന്യമൃഗങ്ങളുടെ എണ്ണവും ആക്രമണങ്ങളും നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ട മന്ത്രി പൂർണമായും പരാജയപ്പെട്ടെന്നും യോഗം കുറ്റപ്പെടുത്തി. വനംവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വനംമന്ത്രിയുടെ ഭാഗത്ത് തികഞ്ഞ അനാസ്ഥ ഉണ്ടായി. ഈ സാഹചര്യത്തില്‍ എന്‍സിപിയുടെ മന്ത്രിയെ പിന്‍വലിക്കാന്‍ സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രനെ മാറ്റി പകരം പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള മന്ത്രിസ്ഥാനം തോമസ് കെ.തോമസിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും തീരുമാനിച്ചു.

അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് കത്തു നല്‍കും. പി.സി.ചാക്കോ എന്‍സിപിയുടെ പേരില്‍ ഇനി എല്‍ഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിനൊപ്പംനിന്ന് പ്രവര്‍ത്തിക്കാനും എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്താനും പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി. എന്‍സിപിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച എല്ലാവരുടെയും യോഗം വിപ്പ് നല്‍കി വിളിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version