Kerala
കോഴിക്കോട്: വയോധികന്റെ മൊബൈൽ ഫോൺ കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് നാലാം റെയിൽവേ ഗേറ്റിനടുത്ത് വെച്ചാണ് ഓമശ്ശേരി സ്വദേശിയുടെ മൊബൈൽ ഫോൺ മുഹമ്മദ് ഡാനിഷ് (20) കവർച്ച ചെയ്തത്. വെള്ളയിൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഏപ്രിൽ ഏഴിനാണ് കവർച്ച നടന്നത്. ശ്രവണ സഹായി വാങ്ങിക്കുന്നതിനായി കോഴിക്കോട് നഗരത്തിലെത്തിയതായിരുന്നു വയോധികൻ. ശ്രവണ സഹായി ലഭിക്കുന്ന ഷോപ്പ് തനിക്കറിയാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് പി ടി ഉഷ റോഡിൽ നാലാം ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച പ്രതി വയോധികനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു
വയോധികന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരവെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോൺ കോഴിക്കോട് ഉള്ള ഒരു കടയിൽ വിറ്റ് കിട്ടിയ പണവുമായി ഗോവയിലേക്ക് കടന്ന പ്രതി പണം അവിടെ ധൂർത്തടിച്ച ശേഷം കോഴിക്കോടേക്ക് തിരിച്ചു. നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിൽ നിന്ന് 32000 രൂപയുടെ മറ്റൊരു മൊബൈൽ മോഷ്ടിച്ച് കോഴിക്കോട്ടെ മറ്റൊരു കടയിൽ വിറ്റതായും പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു.
രണ്ട് ഫോണും പിടിച്ചെടുത്ത പൊലീസ് ട്രെയിനിൽ നിന്ന് ഫോൺ മോഷ്ടിച്ച കുറ്റത്തിന് പ്രതിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തതായും അറിയിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി-4 ൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെള്ളയിൽ ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ .സനീഷ്.യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നവീൻ.എൻ, രഞ്ജിത്.ടി.കെ, സിവിൽ പോലീസ് ഓഫീസർമാരായ ജയചന്ദ്രൻ. എം, രതീഷ്.പി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.