കാസര്‍കോട്: വീടിന് സമീപത്തെ കിണറ്റില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാനിച്ചിക്കുഴിയില്‍ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് ഒരുവര്‍ഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്.
ഇതോടൊപ്പമുണ്ടായിരുന്ന വസ്ത്രങ്ങള്‍ക്കൊപ്പം കടുമേനി പാവലിലെ കണ്ടനാമറ്റത്തില്‍ കുര്യന് എന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാളെ കാണാനില്ലായിരുന്നു. അതുകൊണ്ടുതന്നെ അസ്ഥികൂടം ഇയാളുടെതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമം
വാടകയ്ക്കു എടുത്ത വീട്ടുകാര്‍ വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. എന്നാല്‍ വീട്ടുടമ സ്ഥലത്തില്ലാത്തതിനാല്‍ അസ്ഥികൂടം ഇവര്‍ കിണറിനു സമീപത്തുതന്നെ മൂടിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ സ്ഥലമുടമ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയ വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ചിറ്റാരിക്കാല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശരീരാവശിഷ്ടങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.