എരുമേലി: പള്ളിയുടെ സമീപത്തുണ്ടായിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി അതിൽ ഉണ്ടായിരുന്ന പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാമ്പാടുംപാറ പത്തിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ വസന്ത്.കെ(37), വാഴൂർ മണിമല ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ അൽത്താഫ് എം.കെ (27) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയോടുകൂടി എരുമേലി പഴയിടം ഭാഗത്തുള്ള പള്ളിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി കുത്തിത്തുറന്ന് ഇതിൽ ഉണ്ടായിരുന്ന പണം കവർന്നെടുത്ത ശേഷം നേർച്ചപ്പെട്ടി ഉപേക്ഷിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു ഇ.ഡി, എസ്.ഐ ജോസി എം. ജോൺസൺ, എ.എസ്.ഐ മാരായ സിബിമോൻ, ലേഖ, സി.പി.ഓ മാരായ മനോജ് കുമാർ, ബോബി സുധീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വസന്തിന് മണിമല, പീരുമേട് എന്നീ സ്റ്റേഷനുകളിലും അൽത്താഫിന് പള്ളിക്കത്തോട്, മണിമല എന്നീ സ്റ്റേഷനുകളിലും മോഷണ കേസുകൾ നിലവിലുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.