Kerala

നടൻ വിജയ് യുടെ ജന്മ ദിനത്തിന് രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടത്തും

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം മധുരയിൽ നടന്നേക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 22-ന് സമ്മേളനം നടത്താനാണ് ആലോചന.

ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുവിജയമാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ജൂൺ ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുന്നതോടെ പാർട്ടി പ്രവർത്തനത്തിന് തുടക്കമിടാനാണ് വിജയ് ഉദ്ദേശിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആർക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.

വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന ‘ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ജൂൺ പകുതിയോടെ അദ്ദേഹം സിനിമയുടെ തിരക്കുകളിൽനിന്ന് മുക്തനാകുമെന്നും അതോടെ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കം തുടങ്ങുമെന്നും ടി.വി.കെ. നേതാക്കൾ അറിയിച്ചു. സമ്മേളനത്തിൽവെച്ച് പാർട്ടിയുടെ കർമപദ്ധതി വിജയ് പ്രഖ്യാപിക്കും. താരത്തിന്റെ ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കമാണ് രാഷ്ട്രീയപ്പാർട്ടിയായി രൂപംമാറുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ അടിസ്ഥാനമാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നാണ് വിജയ് പറയുന്നത്. എം.ജി.ആറിലും ജയലളിതയിലും തുടങ്ങി കമൽഹാസനിൽ എത്തിനിൽക്കുന്ന തമിഴ് സിനിമാരാഷ്ട്രീയത്തിന്റെ ഏറ്റവുമൊടുവിലത്തെ കണ്ണിയാണ് 49-കാരനായ ജോസഫ് വിജയ് ചന്ദ്രശേഖർ. എം.ജി.ആറിനു തുല്യമെന്നുപറയാവുന്ന ആരാധകവൃന്ദമുണ്ട് എന്നതുകൊണ്ടുതന്നെ വിജയ്‌യുടെ രാഷ്ട്രീയപ്രവേശം സംസ്ഥാനത്ത് ചലനംസൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഏറ്റിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയാൽ അഭിനയം നിർത്താനാണ് വിജയ്‌യുടെ തീരുമാനം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top