Kerala

തൊടുപുഴയിൽ അമ്മാസിന്റെ ഇടിയേറ്റ ആനകെട്ടി പറമ്പിലിന്റെ ഡ്രൈവർ മരണമടഞ്ഞു

തൊടുപുഴ നഗരസഭാ ബസ്‌ സ്‌റ്റാന്‍ഡില്‍ ഒരാഴ്‌ച മുന്‍പ്‌ സ്വകാര്യ ബസ്‌ ഉടമയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ്‌ ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലായിരുന്ന സ്വകാര്യ ബസ്‌ ഡ്രൈവര്‍ മരിച്ചു.ഇടവെട്ടി ആനകെട്ടിപ്പറമ്പില്‍ സക്കീര്‍ (52)ആണ്‌ മരിച്ചത്‌.
സക്കീറിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്‌റ്റിലായ അമ്മാസ്‌ ബസ്‌ ഉടമ കുമ്മംകല്ല്‌ സ്വദേശി ഒ.കെ. സലിം, മക്കളായ മുഹ്‌സീന്‍, മന്‍സൂര്‍, സലിമിന്റെ സഹോദരന്‍ സക്കീര്‍, ബസിലെ കണ്ടക്‌ടര്‍ കോലാനി സ്വദേശി മനു, ഡ്രൈവര്‍ മുതലക്കോടം സ്വദേശി അമല്‍ എന്നിവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്‌.

പ്രതികള്‍ക്കെതിരേ കൊലപാതക ശ്രമത്തിനാണ്‌ നിലവില്‍ കേസെടുത്തിരിക്കുന്നത്‌. സക്കീര്‍ മരിച്ചതോടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പ്രതികളെ സ്‌ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തുമെന്നും പോലീസ്‌ അറിയിച്ചു.

തൊടുപുഴ നഗരസഭാ ബസ്‌ സ്‌റ്റാന്‍ഡില്‍ കഴിഞ്ഞ 23 ന്‌ ഉച്ചയ്‌ക്കായിരുന്നു സംഭവം. പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്‌, ആനകെട്ടിപ്പറമ്പില്‍ എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
ഇതിനിടെ, അമ്മാസ്‌ ബസ്‌ ഉടമയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നു നടത്തിയ മര്‍ദനത്തില്‍ സക്കീര്‍ സ്‌റ്റാന്‍ഡില്‍ ബോധരഹിതനായി വീണു. തലയില്‍ സാരമായി പരുക്കേറ്റ സക്കീറിനെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. കഴിഞ്ഞ ദിവസം ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ച കഴിഞ്ഞ്‌ മരിച്ചു. സക്കീറിന്റെ പോസ്‌റ്റ്മോര്‍ട്ടം ഇന്ന്‌ ഇടുക്കി മെഡിക്കല്‍ കോളജില്‍ നടത്തിയ ശേഷം കബറടക്കം നടത്തും.

ഭാര്യ നസീറ, മക്കള്‍: മാഹിന്‍, ഷെറില്‍ ഫത്തിമ. വാടക വീട്ടില്‍ കഴിയുന്ന കുടുംബം സക്കീറിന്റെ മരണത്തോടെ കടുത്ത പ്രതിസന്ധിയിലായി.

രോഗബാധിതയായ ഭാര്യ നസീറ ഏറെ നാളായി ചികിത്സയിലാണ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top