പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് കുടുംബനാഥൻ വീട്ടിൽ കിടന്ന് പൊരിഞ്ഞ വഴക്ക്. ഭാര്യയെ തല്ലുകയും, വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തപ്പോൾ സഹികെട്ട് പൊലീസിനെ വിളിച്ചു വരുത്തി.
പൊലീസെത്തിയപ്പോഴും 56 കാരന് കുലുക്കമില്ല, ഒടുവിൽ ആളെ കുളിപ്പിച്ച് ലഹരി ഇറക്കി! ആറന്മുള പോലീസ് ആണ് മദ്യപനെ കുളിപ്പിച്ച് സ്റ്റേഷനിലെത്തിച്ച് ഉപദേശിച്ചു വിട്ടത്.
പൊലീസിനെ കണ്ടിട്ടും കുലുക്കമില്ലാത്ത മദ്യപന്റെ കെട്ടിറക്കാന്‍ എന്താണ് മാര്‍ഗമെന്ന് ഉദ്യോഗസ്ഥർ ആലോചിച്ച സമയത്താണ് കുളിപ്പിക്കാന്‍ തീരുമാനിച്ചത്.
പിന്നീട് ഇയാളെ പിടിച്ചു വലിച്ച് പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ചു. ഒടുവിൽ പൊലീസ് തന്നെ കുളിപ്പിച്ചു. ഇതിനിടയിൽ മദ്യപന് വാശി, തുടങ്ങിയ ആള്‍ തന്നെ കുളിപ്പിച്ചു തീർക്കണം എന്ന്.
ബോധം വന്നതോടെ ജീപ്പില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെതിരായ വകുപ്പ് ചുമത്തി കേസെടുത്തു. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.