Kerala

പ്രതിദിന ലൈസൻസ് 50 ആക്കാൻ​ മന്ത്രി വിളിച്ച യോ​ഗത്തിന് മിനുട്സും രേഖയുമില്ല; വിവരാവകാശരേഖ

തിരുവനന്തപുരം:  പ്രതിദിന ലൈസൻസുകള്‍ 50 ആയി പരിമിതപ്പെടുത്താൻ ഗതാഗതമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസിന്‍റെ വിശദീകരണം. മാർച്ച് ആറിന് ഓൺലൈൻ വഴി ചേർന്ന വിവാദയോഗത്തിന്‍റെ മിനുട്സ് പോലുമില്ലെന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ പറയുന്നു. സംസ്ഥാനത്താകെ വലിയ പ്രതിഷേധമുണ്ടാക്കിയ യോഗ തീരുമാനം മറച്ചുവെക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

മാർച്ച് ഏഴിന് ലൈസൻസ് പരീക്ഷ നടത്തിയ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധത്തിൽ പൊലീസുമായി ഏറ്റുമുട്ടൽ വരെയുണ്ടായി. പ്രതിദിനം 100 ലധികം ലൈസൻസ് പരീക്ഷ നടത്തിയിരുന്ന സ്ഥലങ്ങളിൽ 50 ആയി ചുരുക്കാൻ മന്ത്രിയുടെ നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു പ്രതിഷേധം. തലേ ദിവസം മന്ത്രിവിളിച്ച യോഗ തീരുമാന പ്രകാരം 50 പേർക്കേ പങ്കെടുക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്.

വിവാദമായതോടെ മന്ത്രി ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞു. ഓണ്‍ലൈൻ യോഗത്തിൽ അങ്ങനെയൊരു തീരുമാനമേ എടുത്തിയിട്ടില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. സാധാരണ രീതിയിൽ മന്ത്രി വിളിക്കുന്ന യോഗത്തിന് അജണ്ടയും മിനുട്സുമൊക്കെയുണ്ടാകും. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസാണ് ഓണ്‍ലൈൻ യോഗത്തിൻെറത്തിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നത്. യോഗം റെക്കോർഡ് ചെയ്യുന്നതും പതിവാണ്. യോഗം വിളിച്ചതായി സമ്മതിക്കുന്ന മന്ത്രിയുടെ ഓഫീസ്, ലൈസൻസ് 50 ആക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് വിവരാകാശ പ്രകാരം മറുപടി നൽകുന്നു.

മിനിറ്റ്സുമില്ല, അജണ്ടയുമില്ല, റിക്കോർഡുമില്ലെന്നും മന്ത്രിയുടെ ഓഫീസ് പറയുന്നു. യോഗം ചേർന്നുവെന്ന സമ്മതിക്കുന്ന ഗതാഗത കമ്മീഷണറും ഒന്നുമറിയില്ലെന്ന് കൈമലർത്തുന്നു. അപ്പോള്‍ എന്ത് ചർച്ച ചെയ്യാനായിരുന്നു, ആരുടെ നിർദ്ദേശ പ്രകാരമായിരുന്നു ഉദ്യോഗസ്ഥർ ലൈസൻസ് 50 ആയി കുറച്ചതെന്നാണ് ചോദ്യം. വിവാദമായപ്പോൾ രേഖയില്ലെന്ന് പറഞ്ഞ് മന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞുമാറുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഏറ്റവും ഒടുവിൽ രണ്ടാം തീയതി മുതൽ പ്രതിദിനം 60 ആക്കണമെന്നാണ് പുതിയ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top