പാലാ:- യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് ഈ നിയോജക മണ്ഡലത്തിൽ 25000 ൽ കുറയാത്ത വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാണി.സി. കാപ്പൻ എം.എൽ.എ. കാനാട്ടുപാറ ഗവ. പോളിടെക്നിക് കോളേജിലെ 119-ാം നമ്പർ ബൂത്തിൽ കുടുംബ സമേതം വോട്ടു രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകളും കുപ്രചരണങ്ങളും വഴി ജനാധിപത്യ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ശ്രമവും യു.ഡി.എഫിനു ലഭിക്കേണ്ട 6000 ൽ പരം വോട്ടുകൾ ബോധപൂർവ്വം നീക്കം ചെയ്തതുമൂലവും 35000 വോട്ടുകളുടെ ഭൂരിപക്ഷം 25000 ലേക്ക് ചുരുക്കാൻ ഇടതുമുന്നണിക്ക് സാധിച്ചുവെന്നാണ് കണക്കാക്കുന്നത്.
കന്യാസ്ത്രീകളുടെ ഉൾപ്പെടെ നിരവധി ആളുകളുടെ വോട്ട് വെട്ടിക്കളഞ്ഞതായ പരാതി ലഭിച്ചിട്ടുണ്ട്. ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയാണെന്ന പ്രചരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. എന്നാൽ ജനങ്ങളുടെയിടയിൽ ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്ത വിധം ജോസ് കെ. മാണിയും പാർട്ടിയും വിശ്വാസ്യത നഷ്ടപ്പെടുത്തി. വോട്ടു തട്ടാൻ വേണ്ടി അപരന്മാരെ ഇറക്കിയതും വികസനത്തിൽ ഒന്നാമനാണെന്ന വ്യാജ പ്രചരണവും എൽ. ഡി.എഫ് സ്ഥാനാർത്ഥിയാണെന്ന് മറച്ചുവെച്ചതും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയതും ഫ്രാൻസിസ് ജോർജിനെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചതുമെല്ലാം ഗുണത്തേക്കാളേറെ ഭാവിയിൽ ദോഷം ചെയ്യുമെന്ന് കാപ്പൻ പറഞ്ഞു.