കുമരകം : തിരുവാർപ്പ് സ്വദേശിയായ യുവാവിനെ വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം മാധവശേരി കോളനി ഭാഗത്ത് കുറയൻങ്കേരിയിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (32), ചെങ്ങളം കിളിരൂർ തൈച്ചേരി കോളനിയിൽ തൈച്ചേരി വീട്ടിൽ അഖിൽ റ്റി ഗോപി (27), തിരുവാർപ്പ് പാലക്കൽശേരി ഭാഗത്ത് തേവർക്കാട്ടിൽ വീട്ടിൽ നിഖിൽ റ്റി.പി (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിന് 02.30 മണിയോടുകൂടി തിരുവാർപ്പ് സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും പെപ്പർ സ്പ്രേ അടിച്ച ശേഷം വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
യുവാവ് മുൻപ് ശ്രീജിത്തിനും മറ്റുമെതിരെ തിരുവാർപ്പ് ബസ്റ്റാൻഡിൽ വച്ച് ബഹളം വച്ചതിന് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം ഇവർക്ക് യുവാവിനോട് നിലനിന്നിരുന്നു, ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ മാരായ അനീഷ് കുമാർ, സുനിൽകുമാർ, സി.പി.ഓ മാരായ അഭിലാഷ്, രാജു, അമ്പാടി, ഡെന്നി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.