മലപ്പുറം: ലീഗ്-സമസ്ത വിഷയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗും സമസ്തയും തമ്മിൽ വിള്ളൽ ഉണ്ടാക്കാൻ ആര് ശ്രമിച്ചാലും വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ ശ്രമം പാഴ് വേലയാണ്. സമസ്ത വിഷയത്തിന് ബന്ധപ്പെട്ട നേതാക്കൾ തന്നെ വിരാമമിട്ടു. സാദിഖലി തങ്ങൾ മറുപടി പറഞ്ഞതാണ്. പരമ്പരാഗതമായി രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാക്കിയ ബന്ധമാണ് ലീഗും സമസ്തയും തമ്മിലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിലും അദ്ദേഹം പ്രതികരിച്ചു. ശാന്തമായി തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമാണ് മലപ്പുറത്തുള്ളത്.
കളക്ടറുമായി സംസാരിച്ചെന്നും നിശബ്ദ പ്രചാരണത്തിന് തടസം ആകില്ലെന്ന് പിന്നീട് വ്യക്തമാക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ മുഴുവൻ സീറ്റും യുഡിഎഫ് നേടും. ഇടതുപക്ഷം പറയുന്നത് തന്നെ ചിഹ്നം കാക്കാൻ എന്നാണ്. പാർലിമെന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ അത്ഭുതം സംഭവിക്കാനില്ല. കഴിഞ്ഞ പ്രാവശ്യം ഒന്ന് നഷ്ടമായി. ഇത്തവണ അതും തിരിച്ചു പിടിക്കും. പൊന്നാനിയിൽ വൻ വിജയം നേടും. ഇടതുപക്ഷത്തിന് ന്യൂനപക്ഷത്തെ കാക്കാൻ കഴിയില്ലെന്നും അവരുടെ പരസ്യത്തെ ആരും വിശ്വസിക്കാൻ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പ്രശ്നങ്ങൾ പരിഹരിക്കാൻ കോണ്‍ഗ്രസും ഇൻഡ്യ മുന്നണിയും ജയിക്കണം. ഉത്തരേന്ത്യയിൽ നേരത്തെ ഉള്ള ചിത്രം മാറി.