തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി തലസ്ഥാന നഗരിയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സബര്‍ബന്‍ ട്രെയിനുകള്‍ കൊണ്ടുവരാനും രാവിലേയും വൈകുന്നേരവുമായി എട്ട് സര്‍വീസുകള്‍ ഉറപ്പുവരുത്താനും ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇവരുടെ യാത്രാ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിന് ചൊവ്വാഴ്ച രാവിലെ നാഗര്‍കോവില്‍കൊല്ലം പാസഞ്ചറില്‍ യാത്ര ചെയ്താണ് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ഥി നേരിട്ടറിഞ്ഞത്. രാവിലെ 7.14ന് പാറശ്ശാലയില്‍ നിന്നാണ് സ്ഥാനാര്‍ഥി ട്രെയിനില്‍ കയറിയത്.
കന്യാകുമാരി-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കണമെന്നും ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് പ്രാദേശികമായി സ്‌റ്റോപ്പ് അനുവദിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. മഴക്കാലമാകുമ്പോള്‍ തിരുവനന്തപുരം-കന്യകുമാരി റൂട്ടിലെ രൂക്ഷമായ മണ്ണിടിച്ചില്‍ കാരണം രണ്ടും മൂന്നും ദിവസം ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിന് ഒരു പരിഹാരം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.