Kerala

മോന്‍സും അപുവും നടത്തുന്ന നീക്കങ്ങളില്‍ പി ജെ ജോസഫ് നിസ്സഹായന്‍; വി സി ചാണ്ടി പാര്‍ട്ടി വിട്ടു

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീനിയര്‍ വൈസ് ചെയര്‍മാന്‍ വി സി ചാണ്ടി രാജിവച്ചു. പാര്‍ട്ടിക്കുള്ളില്‍ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മോന്‍സ് ജോസഫിന്റെ അധികാരമാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്നും വിസി ചാണ്ടി ആരോപിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത ഒരു പാര്‍ട്ടിയായി ജോസഫ് വിഭാഗം മാറിയെന്നും പാര്‍ട്ടിയുടെ ഇന്നത്തെ സാഹചര്യത്തില്‍ മോന്‍സ് ജോസഫും, അപു ജോസഫും നടത്തുന്ന നീക്കങ്ങളില്‍ പി ജെ ജോസഫ് നിസഹായനാണെന്നും വി സി ചാണ്ടി ആരോപിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി, ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി, 1991 മുതല്‍ 15 വര്‍ഷം കോഴിക്കോട് ജില്ലാ പ്രസിഡന്റ്, 1997-ല്‍ 22 അംഗ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം, സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

‘2019ല്‍ കോട്ടയം പാര്‍ലമെന്റ് സീറ്റിനു വേണ്ടി മാണിസാറുമായി അനാവശ്യ തര്‍ക്കമുണ്ടാക്കി പാര്‍ട്ടിയെ രണ്ടാക്കി പിളര്‍ത്തി. 2024-ല്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് പാര്‍ട്ടിക്ക് കിട്ടിയപ്പോള്‍ കോട്ടയത്തിന് പുറത്തുള്ള ആളെ സ്ഥാനാര്‍ത്ഥിയായി ഇറക്കുമതി ചെയ്തു. കോട്ടയം സീറ്റ് എക്കാലത്തും മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതായിരുന്നു. മാണി സാറിന്റെ മരണ ശേഷം ചില കോണ്‍ഗ്രസ് നേതാക്കളെ കൂട്ടുപിടിച്ച് യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) നെ പുറത്താക്കി ഇല്ലായ്മ ചെയ്യുകയായിരുന്നു അതിലെ ഗൂഢലക്ഷ്യം. ഇതുമൂലം യുഡിഎഫിന് ലഭിക്കുമായിരുന്ന ഭരണം നഷ്ടമായി എന്നു മാത്രമല്ല യുഡിഎഫിന് തകര്‍ച്ച ഉണ്ടായെന്നും വി സി ചാണ്ടി ആരോപിച്ചു.

2024ലെ ലോക്സഭ സീറ്റ് പാര്‍ട്ടിക്ക് ലഭിച്ചപ്പോള്‍ ചര്‍ച്ച ഇല്ലാതെ കോട്ടയത്തെ വോട്ടറല്ലാത്ത ഒരാളായ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കി. പി ജെ ജോസഫിന്റെ വിശ്വസ്തനായി ഇടുക്കി എം പി ആയി പ്രവര്‍ത്തിച്ച വ്യക്തി യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ പാര്‍ട്ടിയെ പിളര്‍ത്തി പുതിയ പാര്‍ട്ടി ഉണ്ടാക്കി, പി ജെ ജോസഫ് നിലകൊണ്ട മുന്നണിക്കെതിരെ ഇടുക്കി നിയമസഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട നെറികെട്ട രാഷ്ട്രീയത്തിനുടമയാണ് കോട്ടയത്തെ യുഡിഎഫിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെന്നും വി സി ചാണ്ടി വിമര്‍ശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top