തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇഡിയും സിബിഐയും കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതും അറസ്റ്റ് ചെയ്യാത്തതും എന്താണെന്ന് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട് താങ്കള്‍ എന്തുകൊണ്ട് അറസ്റ്റില്‍ ആയില്ല എന്ന് ചോദിക്കുന്നില്ല.
അതല്ല ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാട്. ഈ ചോദ്യം ഉന്നയിക്കുക വഴി അരവിന്ദ് കേജ്രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റിനെ രാഹുല്‍ ഗാന്ധി ശരിവെയ്ക്കുകയാണെന്ന് ശിവന്‍ കുട്ടി വ്യക്തമാക്കി. ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുല്‍ ഗാന്ധി പുലര്‍ത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.