തൃശ്ശൂർ: തൃശ്ശൂർ പൂരം തെക്കോട്ടിറക്കത്തിന്റെ വിഐപി പവലിയൻ നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. തൃശ്ശൂർ സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. വിഐപി പവലിയൻ കാരണം കുടമാറ്റം കാണാൻ സാധിക്കില്ലെന്ന പരാതി ഉയർന്നിരുന്നു. കുടമാറ്റത്തിന്റെ കാഴ്ച തടസ്സപ്പെടുത്തുന്ന പവലിയനോ ഗാലറിയോ പാടില്ലെന്ന് കോടതി ഉത്തരവിൽ നിർദ്ദേശിച്ചു. വി ഐ പി പവലിയൻ മൂലം ജനങ്ങൾക്ക് കുടമാറ്റം കാണുന്നതിന് തടസ്സം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി.
അതേ സമയം, പൂരത്തിന്റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങിയിരുന്നു. 50 മീറ്റർ അകലെ ആളു നിൽക്കരുത്. 15 ന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമ സംഘടന വ്യക്കമാക്കി. ആന ഉടമകളുടെയും ഉത്സവ സംഘാടകരുടെയും അടിയന്തര യോഗം തൃശൂരിൽ സംഘടിപ്പിച്ചിരുന്നു.
തൃശ്ശൂര്‍ പൂരത്തിന് ആവേശം പകരാന്‍ പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും. മുഴുവൻ ആനകളുടെയും പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയിട്ടുണ്ട്. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.