കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാമാർക്കറ്റ് അടച്ചു. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് ജില്ലാ വരണാധികാരികൂടിയായ കളക്ടർ വിലക്കിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതുവരെ സബ്സിഡി അനുവദിക്കരുതെന്നാണ് കളക്ടർ ഉത്തരവിട്ടത്.
സബ്സിഡി ഇനത്തിൽ സാധനങ്ങൾ വിൽക്കാനാവാത്തതിനാൽ ഭക്ഷ്യസുരക്ഷാമാർക്കറ്റ് പ്രവർത്തിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞാണ് അടച്ചുപൂട്ടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതി ഉയർന്നതോടെയാണ് കളക്ടർ നടപടിയെടുത്തത്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് രംഗത്തെത്തി. സിപിഎം കാരാണ് പരാതിക്കു പിന്നിൽ എന്നാണ് അദ്ദേഹം ആരോപിച്ചത്. സിപിഎം പ്രവർത്തകർ ഭക്ഷ്യസുരക്ഷാ മാർക്കറ്റിനെതിരെ നൽകിയ പരാതി മനുഷ്യത്വരഹിതവും മാപ്പർഹിക്കാത്ത ക്രൂരതയാണ്. പത്ത് വർഷമായി തുടരുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റാണ് ഇതെന്നും മുൻപ് നടന്ന തെരഞ്ഞെടുപ്പിലൊന്നും ഇത്തരത്തിൽ നടപടിയുണ്ടായിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.