Politics

കൊഴുവനാൽ പര്യടനം കൊഴുപ്പിച്ച് തോമസ് ചാഴികാടൻ;ഇത് അവസാന തെരെഞ്ഞെടുപ്പ് ആവാതിരിക്കാൻ ചാഴികാടൻ വിജയിപ്പിക്കണമെന്ന് വി ബി ബിനു

കോട്ടയം :പാലാ :രാവിലെ വെയിലിന് കട്ടി കൂടി വരുന്നതേയുള്ളൂ.രാവിലെ എട്ടു മണിയോടെ പ്രാദേശിക നേതാക്കൾക്ക് ഉത്കണ്ഠ.ചാഴികാടൻ ഉടനെ വരുവോ ..?വെയില് കൂടി വരുകയാ ..പുള്ളിക്കാരൻ ചില മഠങ്ങൾ കേറികൊണ്ടിരിക്കുവാ ഉടനെ വരും.അമൽ ചാമക്കാലാ ഇങ്ങനെ പറഞ്ഞപ്പോൾ കെ എസ് സി പിള്ളേർക്കും ആശ്വാസമായി .  അമൽ ചാമക്കാലായുടെ  നേതൃത്വത്തിൽ കെ എസ് സി പിള്ളേർ ഓടി നടന്നു കെ എസ് സി യുടെ നീലയും വെള്ളയും  കൊടി ബൈക്കുകളിൽ കെട്ടുന്നുണ്ട് .

തൊട്ടടുത്തുള്ള സെൻട്രൽ ഹോട്ടലിൽ പ്രവർത്തകരോടൊപ്പം സിപിഐ നേതാക്കൾ ചായ കുടിക്കാൻ കയറി.ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് ഇന്നത്തെ പര്യടനത്തിന്റെ  ഉദ്‌ഘാടകൻ.ബാബു കെ ജോർജ് ; ഷാജകുമാർ;തോമസ് വി ടി; കെ ബി അജേഷ് കുമാർ എല്ലാരുമുണ്ട് ചായ കുടിക്കുവാൻ നേതാക്കളെല്ലാം ദോശയും ചായയും കഴിഞ്ഞപ്പോൾ മേവടയിലെ സിപി ഐ യുടെ പ്രാദേശിക നേതാവ് കെ എൻ  ഹരികുമാർ;ജോബിഷ് തേനാടി കുളത്തോടൊപ്പം   വന്നു പറഞ്ഞു.എന്നാൽ ഇറങ്ങാം ഉടനെ തുടങ്ങിയേക്കാം.സിപി ഐ  നേതാക്കളെല്ലാം ഉദ്‌ഘാടന പ്രസംഗം നടക്കുന്ന ചേർപ്പുങ്കൽ പള്ളിയുടെ പിറകിലുള്ള ജങ്ഷനിലേക്കു പോയി.

സെൻട്രൽ ഹോട്ടലിലെ അകത്ത് അപ്പോൾ ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു അനൗൺസർമാരായ ജയകുമാർ വിഴിക്കത്തോടും .ഒ ജെ ജോസും;ഷിബു കടപ്ലാമറ്റവും;മൂവരുടെയും ശബ്ദം പാറയിൽ ചിരട്ട ഇട്ടു ഉരച്ചപോലെ കരുകരാന്നുണ്ട് . മൈക്കിന്റെ തകരാർ പരിഹരിക്കേണ്ടതിന്റെ എളുപ്പ വഴികൾ മൈക്ക് സെറ്റ് ഉടമയായ ജിമ്മി മൊണാർക്ക് അനൗൺസർമാർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട് .ജോസ് കെ മാണിയുടെ പരിപാടികൾ എവിടെ ഉണ്ടെങ്കിലും ജിമ്മി മൊണാർക്കിന്റെ മൈക്ക് സെറ്റും അവിടെ ഉണ്ടായിരിക്കും.

ചാഴികാടൻ വരുന്നുണ്ടേ നമ്മുടെ വോട്ടുകൾ ഏകൂ നാട്ടാരെ
നമ്മുടെ ചിഹ്നമിതാ എന്നും രണ്ടിലയാണല്ലോ

പാലാ പള്ളി തിരുപ്പള്ളി പുകഴേറും രാക്കുളി നാടാണേ എന്ന പാട്ടിന്റെ പാരഡി കനത്ത ശബ്ദത്തിൽ മുഴങ്ങുന്നുണ്ട്.അതിന്റെ താളത്തിൽ കൂടിയവർ ലയിച്ചു നിൽക്കെ യോഗത്തിലേക്ക് തിരിഞ്ഞു.സ്ഥാനാർത്ഥിയുടെ വരവും പ്രതീക്ഷിച്ച് ഇടതു മുന്നണിയുടെ നേതാക്കളായ  ജോസ് ടോം;നിർമ്മലാ ജിമ്മി ;ടോബിൻ കെ അലക്സ് ;ബേബി ഉഴുത്ത്‌വാൽ ;പീറ്റർ പന്തലാനി;രമേശ് ബാബു;ജിജോ മൂഴയിൽ;ബിബിൻ പള്ളിക്കുന്നേൽ;നിമ്മി ട്വിങ്കിൾ എന്നിവരെല്ലാം നിൽപ്പുണ്ട്.വെയിൽ കൂടി വരുന്നതിന്റെ അസ്വസ്ഥത എല്ലാവരുടെയും മുഖത്തുണ്ട്.പര്യടന ദിവസം ആദ്യം തന്നെ  കൊഴുവനാൽ പഞ്ചായത്തിന് ലഭിച്ചതിലുള്ള സന്തോഷം  സിപിഐ യുടെ കെ എൻ ഹരികുമാർ മേവട മറച്ചു വച്ചില്ല.വെയിലിന്റെ ചൂട് കൂടി വരുമ്പോൾ കൊഴുവനാൽ കഴിഞ്ഞോളും .അല്ലേൽ ഞങ്ങടെ ഊപ്പാട്ഫ് തീർന്നേനെ അദ്ദേഹം ആശ്വാസം കൊണ്ട് .

വി ബി ബിനു വിന്റെ ഉദ്‌ഘാടന പ്രസംഗം അധികം നീട്ടിയില്ല.അത്  കഴിഞ്ഞു നിർമ്മലാ ജിമ്മി പ്രസംഗം തുടങ്ങി.സ്ഥാനാർഥി വരുന്നത് വരെ പ്രസംഗം തുടരും.ഉടനെ തന്നെ അനൗൺസ്‌മെന്റ് വാഹനത്തിൽ നിന്നും മുഴക്കം.നമ്മുടെ പ്രിയങ്കരനായ പോരാളി തോമസ് ചാഴികാടനിതാ ഈ വാഹനത്തിന്റെ തൊട്ടു പിന്നാലെ കടന്നു വരുന്നു.ഉടനെ പ്രസംഗത്തിന്  ചാഴികാടന്റെ ഊഴമായി.എന്നെ തിരഞ്ഞെടുത്താൽ എളിയ ഒരു ദാസനായി ഞാൻ എന്നുമുണ്ടാവും.എം പി ഫണ്ട് ഒരു രൂപാ പോലും ബാക്കി വയ്ക്കാതെ ചിലവഴിച്ച എം പി ഞാൻ മാത്രമാണ് .അത് നിങ്ങൾക്ക് ഓരോരുത്തർക്കും അറിയാം.വികസന തുടർച്ചയ്ക്കു വേണ്ടി രണ്ടില ചിഹ്നത്തിൽ വോട്ടു ചെയ്തു ഇടതു മുന്നണിയെ സഹായിക്കണം .ഹ്രസ്വ പ്രസംഗം കഴിഞ്ഞപ്പോൾ ഉടനെ തന്നെ വർണ്ണ കടലാസുകൾ ആകാശത്തേക്ക് ഉയർന്നു.കംപ്രസ്സർ ഘടിപ്പിച്ച വാഹനത്തിൽ കോപ്പർ സംവിധാനത്തിലാണ് വർണ്ണ കടലാസുകൾ ആകാശത്തേക്ക് ഉയർത്തുന്നത് .ഉടനെ  ലാലിച്ചൻ ജോർജ് പറഞ്ഞു് ആദ്യം ബൈക്കുകളെല്ലാം പോട്ടെ .അവസാനം മതി സ്ഥാനാർത്ഥിയും വാഹനവും.കെ എസ് സി പിള്ളേർ ആവോളം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.. ഞങ്ങടെ ഓമന നേതാവ് .ചാഴികാട പോരാളി…ധീരതയോടെ നയിച്ചോളൂ …

വാഹനങ്ങൾ നീങ്ങി തുടങ്ങി.തൊട്ടു പിറകെ സ്ഥാനാർഥി തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് നീങ്ങി.രാവിലെ കൊഴുവനാലിൽ തുടങ്ങിയ പര്യടനം മുത്തോലി;ഭരണങ്ങാനം ;കരൂർ;രാമപുരം  പഞ്ചായത്തുകൾ താണ്ടി വൈകിട്ട് രാമപുരം പഞ്ചായത്തിൽ താമരമുക്കിൽ അവസാനിക്കും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top