Kerala

എൻ്റെ വിശ്വാസ്യത ആരുടേയും മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ല: എ കെ ആന്റണി

തിരുവനന്തപുരം: തന്റെ വിശ്വാസ്യത ആരുടേയും മുന്നില്‍ തെളിയിക്കേണ്ടതില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കാലം തെളിയിച്ച രാഷ്ട്രീയ പ്രവര്‍ത്തകനാണ് താന്‍. ആരോടാണ് പ്രതികരിക്കേണ്ടതെന്ന് തനിക്കറിയാം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ആന്റണി പറഞ്ഞു.

അത്തരം ആരോപണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കരുത്. ആവശ്യമെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സംസാരിക്കും. തെരഞ്ഞെടുപ്പ് പൂരം നടക്കുമ്പോള്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആന്റണി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിജെ കുര്യന്‍ അടക്കം ആരുടേയും പ്രതികരണങ്ങള്‍ക്ക് മറുപടി പറയാനില്ല.

‘ഞാന്‍ ജനങ്ങളെ വിശ്വസിക്കുന്നു. അവര്‍ക്ക് എന്നെ നന്നായി അറിയാം. എന്റെ പ്രതികരണം ആവശ്യമായി വരുന്ന സാഹചര്യമുണ്ടെങ്കില്‍, തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കും. ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. ഇതൊന്നും എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യില്ല. എന്നെ പ്രകോപിപ്പിച്ച് പ്രതികരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും’ ആന്റണി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ രണ്ടോ മൂന്നോ സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് യഥാര്‍ത്ഥ വെല്ലുവിളി നേരിടുന്നത്. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമാണ്. ദേശീയ തലത്തില്‍ ട്രെന്‍ഡ് മാറിയതാണ് ഏറ്റവും പുതിയ സംഭവവികാസം. ബിജെപി തിരിച്ചുവരുമെന്ന പ്രതീതി നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അതുമാറി. ഇന്ത്യാ മുന്നണിക്ക് വിജയസാധ്യതയുണ്ടെന്നും ആന്റണി പറഞ്ഞു.

ഉത്തര്‍പ്രദേശ് ഒഴികെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ആക്ഷന്‍ ഹീറോ പോലെയായിരുന്ന പ്രധാനമന്ത്രി നരേന്ദ മോദി ഇപ്പോള്‍ തളര്‍ന്ന പോലെയാണെന്ന് ആന്റണി പറഞ്ഞു. ബിജെപി മൂന്നാം തവണയും വിജയിച്ചാല്‍ രാജ്യം ഇതേപടി നിലനില്‍ക്കില്ലെന്നും, ഇന്ത്യയെന്ന സങ്കല്‍പ്പം തന്നെ ഭീഷണിയിലാകുമെന്നും ജനങ്ങള്‍ ഭയപ്പെടുന്നുണ്ട്.

ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ ബിജെപി വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ല. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതും. പൗരത്വത്തിന്റെ കാര്യവും സമാനമാണെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നില്ല. ഇതെല്ലാം പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിക്കാന്‍ സഹായിച്ചു. ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും ആന്റണി അഭിപ്രായപ്പെട്ടു.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലൊരിക്കലും ജനങ്ങള്‍ക്ക് ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. ശമ്പളവും പെന്‍ഷനും വൈകുന്നു. പൊതുവിതരണ സംവിധാനം തകര്‍ന്നു. കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്. യുവാക്കള്‍ക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ല. യഥാര്‍ത്ഥത്തില്‍ ഭരണത്തുടര്‍ച്ച സിപിഎമ്മിനെ പ്രതികൂലമായി ബാധിച്ചു. കേരളത്തിലെ എല്ലാ കോളജ് ഹോസ്റ്റലുകളിലും എസ്എഫ്‌ഐയുടെ കംഗാരു കോടതികളുണ്ടെന്നും ആന്റണി പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ഒറ്റക്കെട്ടാണ്. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ നമുക്കിപ്പോള്‍ കൂട്ടായ ഒരു നേതൃത്വമുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ കൂട്ടായി ചര്‍ച്ച നടത്തുന്നു. അന്തിമ തീരുമാനം എടുക്കുമ്പോള്‍ കെസി വേണുഗോപാലിനോടും കൂടിയാലോചിക്കുന്നു. നേതൃനിരയില്‍ ഇപ്പോള്‍ ഭിന്നാഭിപ്രായമില്ല.

സംസ്ഥാനത്ത് ബിജെപിക്ക് സാന്നിദ്ധ്യമുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ അവര്‍ മൂന്നാമതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരളത്തിന്റെ രസതന്ത്രം ബിജെപിക്ക് അനുകൂലമല്ല. അനില്‍ ആന്റണിയും പദ്മജ വേണുഗോപാലും അടക്കം ചില വ്യക്തികള്‍ മാത്രമാണ് പാര്‍ട്ടി മാറിയത്. തെരഞ്ഞെടുപ്പു കാലത്ത് രാജ്യത്ത് ‘ആയാറാം ഗയാറാം’ പ്രവണതയുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിജെപിയില്‍ നിന്ന് നേതാക്കള്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണെന്നും എകെ ആന്റണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top