ഹരിപ്പാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അടുക്കളയിൽ തീപിടുത്തം. ഏകദേശം മൂന്ന് ഇഞ്ചോളം വലിപ്പത്തിലാണ് പൊട്ടൽ ഉണ്ടായത്. പള്ളിപ്പാട് നാലുകെട്ടും കവല വിശാഖത്തിൽ ബിനുവിന്റെ വീട്ടിൽ ബുധനാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ബിനുവിന്റെ ഭാര്യ ലത പാചകം ചെയ്യുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവം നടന്നയുടൻ വീട്ടിലുള്ളവർ പുറത്തിറങ്ങിയതിനാൽ ആർക്കും കാര്യമായ പരിക്കുകൾ ഉണ്ടായില്ല. ലതയുടെ കാലിനും, മകൻ അശ്വിന്റെ കൈയ്ക്കും നേരിയ പരിക്കേറ്റിട്ടുണ്ട്.
തീപിടുത്തം മൂലം അടുക്കളയുടെ ഭിത്തികൾ ഭാഗികമായി തകർന്നിട്ടുണ്ട്. അടുക്കള ഉപകരണങ്ങൾ പൂർണമായും അഗ്നിക്കിരയായി. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ അടുക്കളയിലെ ഉപകരണങ്ങളും പൂർണമായും നശിച്ചു. അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.