India

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ തയ്യാറെടുപ്പുകള്‍ പഠിക്കാന്‍ 25 രാജ്യങ്ങളിലെ പാര്‍ട്ടികളെ ക്ഷണിച്ച് ബിജെപി

ദില്ലി: ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍ എന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലും ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന് സാക്ഷ്യം വഹിക്കാന്‍ 25 രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ക്ഷണിച്ച് ഭരണകക്ഷിയായ ബിജെപി. ഇതില്‍ 15 രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് മനസിലാക്കാന്‍ എത്തുമെന്ന് ഉറപ്പായതായാണ് ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും മാനേജ്‌മെന്‍റ് വൈദഗ്ധ്യവും മനസിലാക്കാന്‍ അയല്‍രാജ്യങ്ങളിലെയും പ്രധാന ജനാധിപത്യ രാജ്യങ്ങളിലെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് ബിജെപി ക്ഷണിച്ചിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, ടാന്‍സാനിയ, മൗറീഷ്യസ്, ഉഗാണ്ട തുടങ്ങിയ 15 രാജ്യങ്ങള്‍ ബിജെപിയുടെ ക്ഷണം ഇതിനകം സ്വീകരിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് ഉറപ്പ് ലഭിക്കുന്ന മുറയ്ക്ക് പാര്‍ട്ടികളുടെ പട്ടിക പ്രസിദ്ധീകരിക്കും. രാജ്യത്ത് ജനാധിപത്യമില്ല എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് വിദേശ രാജ്യങ്ങളിലെ പാര്‍ട്ടികളുടെ പ്രതിനിധികളെ പൊതു തെരഞ്ഞെടുപ്പ് 2024 നിരീക്ഷിക്കാന്‍ ബിജെപി ക്ഷണിച്ചിരിക്കുന്നത്.

‘ഇന്ത്യയില്‍ ജനാധിപത്യമില്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപയിനെ കുറിച്ച് വ്യക്തമായ അവബോധം നല്‍കുകയും ജനങ്ങള്‍ക്കിടയിലെ മോദി മാജിക്ക് ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്’ എന്ന് ബിജെപി ദേശീയ വക്താവ് പ്രത്യുഷ് കാന്ത് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് വിദേശ പാര്‍ട്ടികളുടെ പ്രതിനിധികളോട് മൂന്നുനാല് ദിവസം നീണ്ട പരിപാടിയിലൂടെ വിശദീകരിക്കാന്‍ ബിജെപിക്ക് ആലോചനയുണ്ട്. നേതാക്കള്‍ മുതല്‍ ബുത്ത് ലെവല്‍ വര്‍ക്കര്‍മാരെ വരെ പരിചയപ്പെടാന്‍ ഇതില്‍ ഇവര്‍ക്ക് അവസരമുണ്ടാകും. കേന്ദ്ര ഭരണത്തില്‍ ഹാട്രിക്കാണ് ഇക്കുറി നരേന്ദ്ര മോദിയും ബിജെപിയും ലക്ഷ്യമിടുന്നത്. രാജ്യം അപകടാവസ്ഥയില്‍ എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ ഇന്ത്യാ മുന്നണി രൂപീകരിച്ചാണ് മത്സരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top