ന്യൂഡല്‍ഹി:ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി വക്താവ് സഞ്ജയ് സിങ് ആരോപിച്ചു. ഡല്‍ഹിയിലെ എഎപി മന്ത്രി രാജ് കുമാറിന്‍റെ രാജിക്ക് പിന്നാലെയാണ് ഗുരുതര ആരോപണവുമായി സഞ്ജയ് സിങ് രംഗത്തെത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനാണ് ബിജെപി ശ്രമം. ഇതിനായി ഇഡി അടക്കമുള്ള ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണ്.
23 മണിക്കൂറിലധികം ഇഡി റെയ്ഡ് നേരിട്ട വ്യക്തിയാണ് രാജ് കുമാര്‍. എഎപി സര്‍ക്കാരിനെ തകര്‍ക്കാൻ ശ്രമം നടക്കുകയാണ്. ഇഡിയുടെ സമ്മര്‍ദം മൂലമാണ് രാജ് കുമാര്‍ രാജിവെച്ചതെന്നും സഞ്ജയ് സിങ് ആരോപിച്ചു. തുടക്കം മുതല് കെജരിവാളിന്‍റെ കൂടെയുണ്ടായിരുന്നയാളാണ് രാജ് കുമാർ ആനന്ദെന്നും സ്വന്തം മനസ്സാക്ഷിയുടെ ആഹ്വാനത്തിന് ഉത്തരം നൽകിയാണ് രാജ്കുമാർ ആനന്ദ് രാജി നല്കിയതെന്നുമാണ് ദില്ലി ബിജെപി അധ്യക്ഷന് വീരേന്ദ്ര സച്ദേവ പ്രതികരിച്ചത്.
മദ്യനയക്കേസിൽ പ്രതിരോധത്തിലായ ആം ആദ്മി പാർട്ടിക്ക് രാജ് കുമാറിന്‍റെ രാജി കനത്ത തിരിച്ചടിയായി. ദില്ലിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് പാർട്ടി അംഗത്വവും മന്ത്രി സ്ഥാനവും രാജിവച്ചത്. പാർട്ടി അഴിമതിയിൽ മുങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്റെ വിമർശനം. മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ദില്ലി ഹൈക്കോടതിയിൽ ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി.
എന്നാൽ മദ്യ നയക്കേസിൽ ഇഡി നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി. മന്ത്രിയുടെ വസതിയിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. പാർട്ടിക്കുള്ളിൽ ദളിത് വിരുദ്ധ നടപടികളാണെന്നും ഇനിയും പാർട്ടിയിൽ തുടരാനാകില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.