Kerala

ഇടുക്കി- ചെറുതോണി അണക്കെട്ടുകള്‍ മെയ് 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു;145 രൂപയ്ക്കു ബോട്ട് യാത്രയും

 

ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2024 മെയ് 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക സംവിധാനങ്ങളും പരിശോധിക്കുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഇല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം.

അതേസമയം ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനനക്കാഴ്ചകളും ആസ്വദിച്ച് വിനോദസഞ്ചാരികൾക്ക് ബോട്ടുസവാരി നടത്താൻ വർഷം മുഴുവൻ അവസരമൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്. ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡിവലപ്മെന്റ്റ് ഏജൻസിയുടെ കീഴിലാണ് ഇടുക്കി വൈൽഡ് ലൈഫ് സാങ്ച്വറിയിൽ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ ഒൻപതിനാരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ബോട്ടുസവാരി .

മുതിർന്നവർക്ക് 145 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് യാത്രാസമയം. വെള്ളാപ്പാറ ബോട്ടുജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടേയും, വൈശാലി ഗുഹയുടെയും കാഴ്‌ചകളാണ് പ്രധാനം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക് വിവരിച്ചു കൊടുക്കാൻ ഗൈഡും ഉണ്ടാകും. വന്യജീവികളെയും യാത്രയ്ക്കിടയിൽ കാണാം. പതിനെട്ടുപേർക്ക് യാത്രചെയ്യാൻ കഴിയുന്ന ഒരു ബോട്ടാണ് നിലവിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top