തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടാൽ 9496001912 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിച്ചും വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികൾ രജിസ്റ്റർ ചെയ്യാമെന്ന് കെഎസ് ഇബി. സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്പരില്‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്
കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണവും കൂടിവരുന്നു.
കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണവുമുണ്ട്. ഇത് വാസ്തവമല്ല. ബോധപൂര്‍വം ഒരു ഓഫീസിലും ഫോണ്‍ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല എന്നും കെഎസ്ഇബി വ്യക്തമാക്കി.
ഐ വി ആര്‍ എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആവശ്യമെങ്കില്‍ കസ്റ്റമര്‍കെയര്‍ എക്സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912-ല്‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ കൂടി കയ്യില്‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍ എളുപ്പമാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.