കോട്ടയം :കേരള കോൺഗ്രസ് മുതിർന്ന നേതാവായിരുന്ന കെ എം മാണിയുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഏപ്രിൽ 9 ) രാവിലെ 9 മണിക്ക് പാലാ കത്തീഡ്രൽ സെമിത്തേരിയിലുള്ള അദ്ദേഹത്തിൻ്റെ കല്ലറയിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പുഷ്പചക്രം സമർപ്പിക്കും.
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ,കോട്ടയം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം ,ടി യു കുരുവിള, തോമസ് ഉണ്ണിയാടൻ, ഇ.ജെ ആഗസ്തി ,വക്കച്ചൻ മറ്റത്തിൽ, ഗ്രേസമ്മ മാത്യു , കെ.എഫ് വർഗീസ് തുടങ്ങിയ പാർട്ടി സംസ്ഥാന ഭാരവാഹികളും ഹൈപവർ കമ്മറ്റി അംഗങ്ങളും സംസ്ഥാന കമ്മറ്റി അംഗങ്ങളും ജില്ലാ നിയോജക മണ്ഡലം നേതാക്കളും പുഷ്പാർച്ചന നടത്തും.
ചരമ ദിനാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ അധ്വാനവർഗ ദിനമായി ആചരിക്കുന്നതാണെന്നും വിവിധ കേന്ദ്രങ്ങളിൽ പാർട്ടി ആഭിമുഖ്യത്തിൽ അനുസ്മരണ യോഗങ്ങൾ ചേരുന്നതാണെന്നും കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം അറിയിച്ചു.