ആലപ്പുഴ: പുറക്കാട് വാഹനാപകടത്തിൽ ഭർത്താവിൽ മകനും പിന്നാലെ പരിക്കേറ്റ സ്ത്രീയും മരിച്ചു. പൂന്തല സ്വദേശി 36 കാരിയായ വിനീതയാണ് മരിച്ചത്. വിനീതയുടെ ഭർത്താവ് സുദേവും മകൻ ആദി ദേവും അപകടത്തിൽ മരിച്ചിരുന്നു. ഇന്നലെ രാവിലെ പുറക്കാട് എസ്എൻഎം സ്‌കൂളിന് മുന്നിലായിരുന്നു അപകടം. അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു കുടുംബം. റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ രക്ഷപെടുത്താൻ ശ്രമിച്ച ബൈക്ക് നിയന്ത്രണം തെറ്റി ടാങ്കർ ലോറിയിൽ തട്ടിമറിഞ്ഞാണ് അപകടം.
മൂന്നു പേരുടെ ദാരുണ മരണത്തിനിടയാക്കിയത് ദേശീയ പാതാ വികസന അതോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം. ഓടക്ക് വേണ്ടി കുഴിയെടുത്ത മണ്ണ് റോഡിൽ നിന്ന് നീക്കം ചെയ്യാതിരുന്നതു മൂലം ബൈക്ക് റോഡിൽ നിന്ന് ഒതുക്കാൻ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെയും ഈ ദുരന്തത്തിന് കാരണമായത് റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണാണ്. അപകടത്തിൽപ്പെട്ട രണ്ട് ബൈക്കും മണൽക്കൂനക്ക് മുകളിലാണ് കിടക്കുന്നത്. ഇത് അടിയന്തിരമായി നീക്കം ചെയ്ത് ഇനിയും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരത്തിൽ പലയിടത്തും റോഡ്, ഓട നിർമാണങ്ങൾക്കായെടുത്ത മണ്ണ് നീക്കം ചെയ്യാതെയിട്ടിരിക്കുകയാണ്.