ഏ പ്രിൽ എട്ടിന് നടക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണം കാത്തിരിക്കുകയാണ് ലോകം മുഴുവൻ. എന്നാൽ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ പ്രതികാരം ഏപ്രിൽ എട്ടാം തീയതി സമ്പൂർണ്ണ സൂര്യഗ്രഹണത്തോടൊപ്പം തന്നെ മറ്റൊരു വിസ്മയ കാഴ്ച കൂടി ആകാശത്തിൽ ദൃശ്യമാകും. ഗ്രീൻ ഡെവിൾസ് കോമറ്റ് എന്ന ചെകുത്താൻ വാൽനക്ഷത്രം ഏപ്രിൽ എട്ടാം തീയതി ദൃശ്യമായേക്കും എന്നാണ് കരുതപ്പെടുന്നത്.
70 വർഷങ്ങൾക്ക് ശേഷമാണ് ചെകുത്താൻ വാൽനക്ഷത്രം വീണ്ടും ആകാശത്ത് ദൃശ്യമാകുന്നത്. അതും ഇത്തവണ സൂര്യനോട് ഏറെ അടുത്തു നിൽക്കുന്ന നിലയിൽ ആയിരിക്കും ചെകുത്താൻ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുക. 17 കിലോമീറ്റർ വീതിയുള്ള ഒരു വാൽനക്ഷത്രമാണ് ഇത്. 70 വർഷം കൊണ്ടാണ് ഈ വാൽനക്ഷത്രം സൂര്യനെ ഭ്രമണം ചെയ്യുന്നത്. മനുഷ്യർക്ക് സാധാരണഗതിയിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചയാണ് ചെകുത്താൻ വാൽനക്ഷത്രം.
ചെകുത്താന്റെ രണ്ട് കൊമ്പുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള രൂപമാണ് ഈ വാൽനക്ഷത്രത്തിന് ഗ്രീൻ ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്ന പേര് ലഭിക്കാൻ കാരണമായത്. കൂടാതെ സൂര്യനോട് അടുക്കുംതോറും ധൂമകേതുവിലെ ചില വാതകങ്ങൾ ചൂടായി പുറത്തേക്ക് പ്രവഹിക്കുകയും മൃഗത്തിന്റെ വാലിന് സമാനമായ ഒരു ഘടന പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണ്. കൂടാതെ ഈ ധൂമകേതുവിൽ നിന്നും പച്ച നിറത്തിലുള്ള വെളിച്ചം പ്രസരിക്കുകയും ചെയ്യും. ഇക്കാരണങ്ങൾ കൊണ്ടാണ് 70 വർഷത്തിലൊരിക്കൽ മാത്രം മനുഷ്യർക്ക് ദൃശ്യമാകുന്ന ഈ വാൽനക്ഷത്രം ചെകുത്താൻ വാൽനക്ഷത്രം എന്ന പേരിൽ അറിയപ്പെടുന്നത്.
12 പി / പോൺസ് ബ്രൂക്സ് എന്നാണ് ചെകുത്താൻ വാൽനക്ഷത്രത്തിന്റെ യഥാർത്ഥ പേര്. രണ്ട് പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്മാരുടെ പേരുകൾ ചേർത്താണ് ഈ വാൽനക്ഷത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ജീൻ ലൂയിസ് പോൺസ് 1812 ലാണ് ചെകുത്താൻ വാൽനക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് 1883ല്‍ മറ്റൊരു ജ്യോതിശാസ്ത്രജ്ഞനായ വില്യം ബ്രൂക്സ് ഒരു ധൂമകേതുവിനെ കണ്ടെത്തുകയും തുടർന്നുള്ള പഠനങ്ങളിൽ 1812ൽ കണ്ടെത്തിയ അതേ ധൂമകേതു ആണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തു. ഇങ്ങനെയാണ് ഈ വാൽനക്ഷത്രത്തിന് രണ്ട് ജ്യോതിശാസ്ത്രജ്ഞന്മാരുടെ പേര് വന്നത്.