കല്‍പ്പറ്റ: വയനാട്ടിലെ ‘പതാക വിവാദത്തിൽ’ കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗിനേയും ലക്ഷ്യമിട്ട് മുഖ്യമന്ത്രി രംഗത്തിറങ്ങിയതോടെ പ്രത്യാക്രമണം കടുപ്പിക്കാന്‍ ലീഗ്. കേരളത്തിന് പുറത്ത് സിപിഐഎമ്മിന് പ്രസക്തി ഇല്ലെന്ന വാദം ഉയര്‍ത്തിക്കാട്ടി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പോര്‍മുഖം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രിയോട് സൗമനസ്യം കാട്ടുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയിലും മുന്നണിയിലും തുടരുന്നതിനിടയിലാണ് പുതിയ പോരിന് കുഞ്ഞാലിക്കുട്ടി തന്നെ തുടക്കം കുറിച്ചിരിക്കുന്നത്.
മലപ്പുറത്തെ പ്രചാരണ യോഗങ്ങളില്‍ സിഎഎ വിഷയത്തില്‍ മുസ്ലീം ലീഗ് മിണ്ടിയില്ലെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയപ്പോൾ അതേ നാണയത്തിലായിരുന്നു ലീഗിന്റെ തിരിച്ചടി. മുഖ്യമന്ത്രിയോടുള്ള മൃദുസമീപനത്തിന്റെ പേരില്‍ പഴി കേട്ടിരുന്ന പി കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് യുഡിഎഫ് പ്രചാരണ യോഗങ്ങളില്‍ ഇടത് പ്രചാരണത്തിന്റെ മുനയൊടിച്ചത്. ഏറ്റവും ഒടുവിൽ പതാക വിവാദത്തിൽ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി. റിയാസ് മൗലവി വധക്കേസിലെ തിരിച്ചടിയും സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനുമെതിരെ പ്രചാരണായുധമാക്കുകയാണ് ലീഗ്.
പ്രോസിക്യൂഷനും പ്രതികളും ഒത്തുകളിച്ചെന്ന ആരോപണമാണ് ലീഗ് ഉയര്‍ത്തുന്നത്. സിഎഎ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ റാലി മുസ്ലീം സമുദായത്തില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന വിലയിരുത്തലും ലീഗിനുണ്ട്. പതാക വിവാദത്തിലൂടെ ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് ലീഗ് വിമർശിക്കുന്നു.