തിരുവനന്തപുരം: കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഗൂഗിളില്‍ തിരയരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഗൂഗിളില്‍ കണ്ട നമ്പറില്‍ വിളിച്ച് പണം നഷ്ടപ്പെട്ട വാര്‍ത്ത ചൂണ്ടികാണിച്ചാണ് പൊലീസ് മുന്നറിയിപ്പ്.
കസ്റ്റമര്‍ കെയര്‍ സെന്റര്‍ നമ്പര്‍ ലഭിക്കാനായി ഒരു കാരണവശാലും ഗൂഗിളില്‍ തിരയരുതെന്നും അതാത് സ്ഥാപനങ്ങളുടെ വെബ് സൈറ്റ് വിലാസം ബ്രൗസറില്‍ ടൈപ്പ് ചെയ്തുമാത്രം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് കസ്റ്റമര്‍ സെന്റര്‍ നമ്പര്‍ കണ്ടെത്താനാണ് പൊലീസ് നിര്‍ദേശത്തിലുള്ളത്.
ഗൂഗിളില്‍ തിരഞ്ഞ് വെബ്‌സൈറ്റ് വിലാസം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുന്നതും അപകടകരമാണെന്നും പൊലീസ് പറയുന്നു. ഗൂഗിളില്‍ നിന്ന് ലഭിച്ച കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച വ്യക്തിക്ക് 2.44 ലക്ഷം രൂപ നഷ്ടമായതിന്റെ വാര്‍ത്തയും കേരള പൊലീസ് ഫെയ്‌സബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.