പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകാൻ വനം വകുപ്പിന്റെ തീരുമാനം. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് തുലാപ്പള്ളിയിൽ നാട്ടുകാർ സംഘടിച്ചു. കണമല ഫോറസ്റ്റ് സ്റ്റേഷൻ പിക്കറ്റ് ചെയ്യാനാണ് തീരുമാനം. കാട്ടാന ശല്യത്തിൽ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഖലയിൽ കിടങ്ങ് കുഴിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സ്ഥലത്തെത്തിയ ആന്റോ ആന്റണി എംപിയോട് നാട്ടുകാർ ക്ഷുഭിതരായി. വനം മന്ത്രി എ കെ ശശീന്ദ്രനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് ആൻ്റോ ആൻ്റണി ആരോപിച്ചു. വനം വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണം. പ്രശ്നപരിഹാരം ഉണ്ടായിട്ടേ സ്ഥലത്ത് നിന്ന് മടങ്ങൂ എന്നും ആൻ്റോ ആൻ്റണി പറഞ്ഞു.
പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജുവാണ് (58 ) കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിന് സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചതിനെ തുടർന്ന് ആനയെ ഓടിക്കാൻ ബിജു ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ബിജുവും ഭാര്യയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ബിജു ഓട്ടോ ഡ്രൈവറാണ്.