ചങ്ങനാശ്ശേരി : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 11 കിലോ കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം സ്വദേശി അർജുൻ സന്തോഷ് (19), ആലപ്പുഴ ആറാട്ടുകുളം ഭാഗത്ത് സിദ്ദീഖ് മൻസിൽ വീട്ടിൽ മുഹമ്മദ് സിദ്ദീഖ് (24), ആലപ്പുഴ ആറാട്ടുകുളം സ്വദേശി മുഹമ്മദ് തൗഫീഖ് (18), ആലപ്പുഴ പേരാത്തുമുക്ക് സ്വദേശി സൗരഭ് ബി.എസ് (19) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
വില്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്നും ജില്ലയിൽ കഞ്ചാവ് എത്തിയിട്ടുണ്ടെന്ന് പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും, ചങ്ങനാശ്ശേരി പോലീസും ചേർന്ന് ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടി നടത്തിയ പരിശോധനയിലാണ് ചങ്ങനാശ്ശേരി മനക്കച്ചിറ ഭാഗത്ത് വെച്ച് 11.250. kg കഞ്ചാവുമായി യുവാക്കൾ പോലീസിന്റെ പിടിയിലാകുന്നത്.
ഇവർ സഞ്ചരിച്ചിരുന്ന മാരുതി സിഫ്റ്റ് ഡിസയർ കാറിനുള്ളിൽ ബാഗുകളിലും, പ്ലാസ്റ്റിക് ചാക്ക്, പ്ലാസ്റ്റിക് കവർ എന്നിവയിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, എസ്.ഐ ഗോപകുമാർ, എ.എസ്.ഐ മാരായ രഞ്ജീവ് ദാസ്,സതീഷ്, സി.പി.ഓ മാരായ അനിൽകുമാർ, മോബിഷ് കൂടാതെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ അർജുൻ സന്തോഷ്, മുഹമ്മദ് തൗഫീഖ്, സൗരഭ് ബി.എസ് എന്നിവരെ കോടതി ബോസ്റ്റൺ സ്കൂളിലേക്ക് അയക്കുകയും മുഹമ്മദ് സിദ്ദീഖിനെ റിമാണ്ട് ചെയ്യുകയും ചെയ്തു.