Kerala

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സത്യദീപം മുന്‍ എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്

കൊച്ചി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സത്യദീപം മുന്‍ എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്. മനുഷ്യനെ മനുഷ്യനായി കാണാന്‍ ബിജെപി തയ്യാറാകണമെന്ന് പോള്‍ തേലക്കാട്  പറഞ്ഞു.

ക്രിസ്ത്യാനികളോടും ന്യൂനപക്ഷങ്ങളോടും മാത്രമല്ല മനുഷ്യന്‍ എന്ന അമൂര്‍ത്തമായ ആദര്‍ശത്തോടുള്ള ബിജെപിയുടെ കാഴ്ചപ്പാട് എന്താണ്. ജാതിവ്യവസ്ഥയുടെ താഴെത്തട്ടില്‍ കഴിയുന്ന മനുഷ്യരോടുള്ള ബിജെപിയുടെ സമീപനം എന്താണ് എന്നുള്ളതും ആശങ്കാജനകമാണ്. ബലഹീനരായ മനുഷ്യപക്ഷത്തോടുള്ള സമീപനം എന്താണെന്നുള്ളത് ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ ബിജെപി തയ്യാറാണോ എന്നതാണ് മൗലികമായ പ്രശ്‌നം. ന്യൂനപക്ഷങ്ങളോടും എല്ലാവരോടും കാണിക്കുന്നത് മനുഷ്യത്വ രഹിതമായ കാഴ്ചപ്പാട് ആണെന്ന ഭയവും ഭീതിയും സാധാരണക്കാരായ ജനങ്ങള്‍ക്കുണ്ട്.

ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ ഗൗരവമായി ഈ വിഷയം അപഗ്രഥിച്ച് പഠിച്ചിട്ടുണ്ടോ, ബിജെപി ഉയര്‍ത്തുന്ന മാനവിക പ്രതിസന്ധി എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. അവര്‍ മനസ്സിലാക്കി വരുന്നുണ്ടെന്നാണ് കരുതുന്നത്. ഭരണഘടനാ പ്രതിസന്ധിയാണ് ബിജെപി ഉണ്ടാക്കാന്‍ പോകുന്നതെന്ന് ബോധമുള്ള ചിന്തിക്കുന്ന ആളുകള്‍ മനസ്സിലാക്കുന്നുണ്ട്.

ആദിവാസിയാകാം ഹരിജനാകാം ക്രൈസ്തവനാകാം മുസ്ലിമാകാം അവരോടൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനുള്ള സമീപനം എന്താണ് എന്നതാണ് അടിസ്ഥാനപരമായി ചോദിക്കേണ്ട ചോദ്യം. അതില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാട് അവര്‍ക്ക് ഉണ്ടെങ്കില്‍ അവര്‍ പറയേണ്ട സമയമാണിത്. ഇന്ത്യയിലൂടനീളം മനുഷ്യനെ മനുഷ്യനായി കാണാന്‍ തയ്യാറുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇവിടെ ഉണ്ടോ എന്നത് ഗൗരവമായ ചോദ്യമാണെന്നും ഫാ പോള്‍ തേലക്കാട് കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top