പന്തളം: ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച്ചയ്ക്കിടെ തേരിന് തീപിടിച്ചു. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടയാണ് അപകടമുണ്ടായത്. നാട്ടുകാർ ഇടപെട്ട് ഉടനടി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്‌ച രാത്രി ഏഴ് മണിയോടുകൂടിയായിരുന്നു തീപ്പിടുത്തം.
40 അടിയോളം ഉയരമുള്ള തേരിൻ്റെ മുകൾഭാഗത്താണ് തീ പടർന്നത്. ക്ഷേത്രവളപ്പിന് മുന്നിൽ ചുറ്റും നിറയെ ആളുകൾ നിൽക്കെയായിരുന്നു തീപിടിത്തം. സംഘാടകർ തന്നെ അതിവേഗം മുകളിൽ കയറി വെള്ളം ഒഴിച്ച് തീ അണച്ചു. കെട്ടുകാഴ്ചയ്ക്കായി തേര് നിർമ്മിച്ചതിൻ്റെ അമ്പതാം വാർഷികം കൂടിയായിരുന്നു ഇത്തവണ.
സ്ഥലത്തു ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. തേരിന് തീ പിടിച്ചയുടൻ നാട്ടുകാർ വിവരം അടൂർ അഗ്നി രക്ഷ നിലയത്തിൽ അറിയിച്ചിരുന്നു. അഗ്നി രക്ഷ സേന ഉടൻ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ തീ അണച്ചെന്നും അപകട സാധ്യത ഇല്ലെന്നും അറിയിപ്പ് ലഭിച്ചതോടെ സേന മടങ്ങുകയും ചെയ്‌തു.